Tuesday, June 12, 2018

പോയാല്‍ പിന്നീട് ഒരു മടങ്ങിവരവ് ഇല്ല.. മരണം ഉറപ്പ്!! ദുരൂഹത നിറഞ്ഞ സ്ഥലങ്ങള്‍ ഇവയാണ്

തിരിച്ചുവരവില്ലാത്ത ഒരു യാത്രയല്ല സഞ്ചാരികളുടേത്. പോയി കണ്ട് കീഴടക്കി സന്തോഷത്തോടെ തിരിച്ചെത്തുമ്പോൾ മാത്രമോ യാത്രകൾ പൂർണ്ണമാവാറുള്ളൂ. ചില സ്ഥലങ്ങളിലേക്കുള്ള യാത്രകൾ തിരിച്ചുവരുമോ എന്നുറപ്പില്ലാത്തവയാണ്. കാലാവസ്ഥയും സാഹചര്യങ്ങളും ഒക്കെ വില്ലനായി മാറുന്ന അവസരങ്ങളെ കുറിച്ചല്ല പറയുന്നത്. ചിലയിടങ്ങള്‍ നമ്മളെ മാടി മാടി വിളിക്കും. എന്നാല്‍ മരണക്കയത്തിലേക്കുള്ള ഒരു നീട്ടി വിളി മാത്രമാകുമത്രേ അത്തരം വിളികള്‍. മരിക്കുവാനോ അല്ലെങ്കിൽ ഒരു തിരിച്ചുവരവ് ഇല്ലന്നോ ഉറപ്പിച്ച് യാത്ര ചെയ്താല്‍ പോലും ഭയം വിട്ടുമാറാത്ത കുറച്ച് സ്ഥലങ്ങൾ ഉണ്ട്. എവിടെയെന്നല്ലേ. ഇന്ത്യയില്‍ തന്നെ.. ദുരൂഹതകള്‍ നിറച്ച സ്ഥലങ്ങള്‍ പരിചയപ്പെടാം.. പക്ഷേ…
അക്സായ് ചിൻ
ജമ്മു ആൻഡ് കാശ്മീർ തർക്കങ്ങളും പ്രശ്നങ്ങളും എന്നും ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലമാണ് കാശ്മീരിന് സമീപം സ്ഥിതി ചെയ്യുന്ന അക്സായ് ചിൻ. കിഴക്കൻ കാശ്മീരിൽ ചൈനയുടെ നിയന്ത്രണത്തിനു കീഴിലുള്ള ഇന്ത്യയുടെ ഭൂമിയാണ് യഥാർഥത്തിൽ ഇവിടം. സമുദ്ര നിരപ്പിൽ നിന്നും നാലായിരം മുതൽ അയ്യായിരം മീറ്റർ വരെ പരന്നു കിടക്കുന്ന ഇവിടെ ആളുകളെ കൊല്ലുന്ന കാലാവസ്ഥയാണുള്ളത്. ഒരു കാലത്ത് ടിബറ്റിന്റെ കീഴിലായിരുന്ന ഇവിടം 1842 ൽ ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിങ് കീഴടക്കുകയായിരുന്നു. പിന്നീച് ലഡാക്കും കാശ്മീരും കൂടി ഇദ്ദേഹം കീഴടക്കി. അങ്ങനെ 1947 ൽ തന്റെ രാജ്യത്തെ ഇന്ത്യയുമായി ചേർത്തതോടെ ഇവിടം ഇന്ത്യയുടെ കീഴിൽ വരുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ തർക്ക സ്ഥലം
ലോകത്തിൽ‌ ഇന്നുള്ളതിൽ വെച്ച് ഏറ്റവും വലിയ തർക്ക പ്രദേശമാണ് ഇവിടം. ഈ പ്രദേശം തങ്ങളുടേതാണെന്ന മട്ടിൽ ഭൂപടങ്ങളും മറ്റും മാറ്റി വരച്ച ചൈന അതിർത്തിയായി ബന്ധപ്പെട്ട് നടത്തിയ പല ധാരണകളും നിരാകരിച്ചു. രേഖകളുടെയും മറ്റും അടിസ്ഥാനതത്തിൽ ഇവിടം നമ്മുടെ രാജ്യത്തിന്റെ കീഴിലാണെങ്കിലും ചൈന അത് അംഗീകരിച്ചിട്ടില്ല. പിന്നീട് ഉണ്ടായ ഒരു യുദ്ധത്തെത്തുടർന്ന് ചൈന 38000 ൽ അധികം ചതുരശ്ര കിലോമീറ്റർ കയ്യടക്കുകയും ഇന്നും അവരുടെ ഭാഗമായി തുടരുകയും ചെയ്യുന്നു. വലുപ്പത്തിന്റെ കാര്യം നോക്കിയാൽ ഏകദേശം സ്വിറ്റിസർലന്റിനോളം വരുന്ന ഭൂവിഭാഗമാണ് ചൈനയുടെ കീഴിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ തർക്ക സ്ഥലവും ഏറ്റവും അപകടകാരിയായിട്ടുള്ള സ്ഥലവും ഇതു തന്നെയാണ്.
മാനസ് ദേശീയോദ്യാനം ആസാം
ആസാമിലെ ഏറ്റവും പ്രസിദ്ധമായ വന്യജീവി സങ്കേതവും യുനസ്കോയുടെ ലോക പൈതൃക സ്ഥാനവും കടുവാ സംരക്ഷണ കേന്ദ്രവും ഒക്കെയായ മാനസ് ദേശീയോദ്യാനം അഥവാ മാനസ് വന്യജീവി സങ്കേതം ഇവിടെ എത്തുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ്. ഹിമാലയത്തിന്റെ താഴ്വരകളിൽ സ്ഥിതി ചെയ്യുന്ന ഇതിന്റെ ബാക്കി ഭാഗം ഭൂട്ടാനോട് ചേർന്നാണുള്ളത്. അത് റോയൽ മനാസ് നാഷണൽ പാർക്ക് ഭൂട്ടാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ പേരിൽ അറിയപ്പെടുന്ന ഇവിടം അത്തരത്തിലുള്ള ഒട്ടേറെ എണ്ണത്തെ കാണാം. ദേശീയോദ്യാനത്തിന്റെ നടുവിലൂടെ ഒഴുകുന്ന മാനസ് നദിയിൽ നിന്നുമാണ് ഈ സ്ഥലത്തിന് ഈ പേരു ലഭിക്കുന്നത്.
പേടിപ്പിക്കുന്ന കാരണം
സഞ്ചാരികളെ ആകർഷിക്കുന്ന ഒട്ടേറെ കാര്യങ്ങൾ ഈ ദേശീയോദ്യാനത്തിനുള്ളിൽ കാണാൻ സാധിക്കുമെങ്കിലും യാത്രക്കാരെ അകറ്റി നിർത്തുന്ന കാരണങ്ങൾ നിരവധിയാണ്. സുരക്ഷിതതമായി ഇവിടെ എത്തിയാലും ജീവനോടെ പുറത്തു കടക്കാം എന്ന പ്രതീക്ഷ ഇവിടെ എത്തുന്ന മിക്കവർക്കും കാണില്ല. പലപ്പോളും ജീവൻ പണയം വെച്ചു തന്നെയാണ് സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത് 2011 ൽ ബോഡോ തീവ്പവാദികൾ ഇവിടെ എത്തിയ ഡബ്ലു ഡബ്ലു എഫിലെ പ്രവർത്തകരെ തട്ടിക്കൊണ്ടു പോയതാണ് ഇവിടെ നിന്നും സഞ്ചാരികളെ അകറ്റി നിർത്തുന്ന കാര്യം. ഇന്ത്യയിലെ ഏറ്റവും ഭംഗിയുള്ള വന്യ ജീവി സങ്കേതം കൂടിയായ ഇവിടെ വിനോദ സഞ്ചാരം വളർത്തിയെടുക്കുവാനായി സർക്കാരിന്റെ നേതൃത്വത്തിൽ പല പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
ടുറാ മേഘാലയ മേഘങ്ങളുടെ ആലയമായ
മേഘാലയയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് ടൂറാ. വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു താഴ്വര കൂടിയാൻണ്. ദുരാമാ എന്ു പേരായ പ്രാദേശിക ദൈവം ഈ ഗ്രാമത്തില്‍ വസിക്കുന്നു എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്.ഗുവാഹത്തിയിൽ നിന്നും 220 കിലോമീറ്റർ അകലെയുള്ള ഇവിടം താഴ്വരകളാലും കാടുകളാലും മൂടപ്പെട്ടു കിടക്കുന്ന ഒരു സ്ഥലം കൂടിയാണ്. ഷില്ലോങ്ങിൽ നിന്നും 323 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ബസും ഹെലികോട്പടറും മാത്രമാണ് എത്തിച്ചേരുവാനുള്ള മാർഗ്ഗങ്ങൾ. ഇവിടെ നിന്നും വെറും 50 കിലോമീറ്റർ അകലെയാണ് ബംഗ്ലാദേശിന്റെ അതിർത്തിയായ ഡാലു സ്ഥിതി ചെയ്യുന്നത്.
തീവ്രവാദികളുടെ കേന്ദ്രം
സഞ്ചാരികളെ ആകർഷിക്കുന്ന പ്രത്യേകതകൾ ധാരാളമുണ്ടെങ്കിലും അത്ര തന്നെ അകറ്റി നിർത്തുന്ന കാരണങ്ങളും ഈ സ്ഥലത്തിനുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന ക്രൂരമായ തീവ്രവാദി ആക്രമണങ്ങൾക്ക് ഇവിടം പലപ്പോളും സാക്ഷിയായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവിടേയ്ക്കുള്ള യാത്രയ്ക്കു മുൻപ് ഒന്നു കൂടി ചിന്തിക്കുന്നത് നല്ലതായിരിക്കും.
ഹാഫ്ലോങ്,
ആസാം ആസാമിൽ ഏറ്റവും അധികം വിദേശികളടക്കമുള്ള സഞ്ചാരികൾ സന്ദർശിക്കാനെത്തുന്ന പ്രധാന കേന്ദ്രമാണ് ഹഫ്ലോങ്. വെളുത്ത ഉറുമ്പിന്റെ മല എന്നറിയപ്പെടുന്ന ഇവിടം അപൂർവ്വമായ കാഴ്ചകളും മറ്റും ഒരുക്കി എന്നും സഞ്ചാരികളെ സന്തോഷിപ്പിക്കുന്ന ഇടമാണ്.പച്ചപ്പു നിറഞ്ഞ കുന്നുകളും മനോഹരമായ കാഴ്ചകളും ഒക്കെ പ്രകൃതി സ്നേഹികളെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നു. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിലൊന്നു കൂടിയാണ്. കണ്ടൂ തീർക്കേണ്ട കാഴ്ചകളുടെ ലിസ്റ്റ് എടുത്താൽ ആഴ്ചകളോളം വേണമെന്നു തോന്നും ഇവിടെ ചിലവഴിക്കുവാൻ. ഹാഫ്ലോങ് ലേക്ക്, ഹിൽ സ്റ്റേഷൻ, മായ്ബോങ്, ജതിംഗ തുടങ്ങിയ സ്ഥലങ്ങളാണ് ഇവിടെ തീര്‍ച്ചയായും സന്ദർശിക്കേണ്ടത്.
ഹാഫ്ലോങ്
പേടിപ്പിക്കുമ്പോൾ എഴുതിതീർക്കുവാൻ സാധിക്കുന്നതിനേക്കാൾ മനോഹരമായ സ്ഥലമാണ് ഇത്. എങ്കിലും കുറച്ച് കാലമായി സഞ്ചാരികൾ മനപൂർവ്വം ഒഴിവാക്കുന്ന സ്ഥലങ്ങളുടെ പട്ടികയിലേക്ക് ഇവിടവും വളർന്നു. ഇതിനു പ്രധാന കാരണം ഇവിടെ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളാണ്. മുന്നറിയിപ്പില്ലാതെ എത്തുന്ന അതിക്രമങ്ങളിൽ സഞ്ചാരികൾ കൊല്ലപ്പെടുന്നത് ഇവിടുത്തെ സാധാരണ സംഭവമാണ്.
ബസ്താർ ചത്തീസ്ഗഡ്
ഇന്ത്യൻ നയാഗ്ര സ്ഥിതി ചെയ്യുന്ന ബസ്താർ വെറുതെയാണെങ്കിലും സഞ്ചാരികൾ പേടിക്കേണ്ട സ്ഥലമാണ്. നക്സൽ പ്രവർത്തനങ്ങൾക്കു പേരുകേട്ട ഇവിടം ജീവനിൽ കൊതിയുള്ളവർ പോകാത്ത ഇടം കൂടിയാണ്. മനോഹരമായ ഭൂപ്രകൃതിയുള്ള ഇവിടെ എവിടെ തിരിഞ്ഞാലും സുന്ദര കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാൽ സജീവമായ നക്സലൈറ്റ്-മാവോയിസ്റ്റ് സാന്നിധ്യം എപ്പോഴും അനുഭവപ്പെടുന്ന സ്ഥലമായതിനാൽ ഇവിടെ എത്തുന്നതിന് സഞ്ചാരികൾക്ക് കടുത്ത വിലക്കുകളുണ്ട്. വിലക്കുകൾ മറികടന്ന് പലരും ഇവിടെ എത്താറുണ്ടെങ്കിലും ജീവൻ പണയം വെച്ചുള്ള യാത്രയായിരിക്കും ഇതെന്ന കാര്യത്തിൽ തർക്കമില്ല. മാവോയിസ്റ്റ്- നക്സലൈറ്റ് സാന്നിധ്യം അനുഭവപ്പെടുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന റെഡ് കൊറിഡോറിൽ ഉൾപ്പെട്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലം കൂടിയാണിത്.
ഫൂൽബാനി ഒഡീഷ
വെള്ളച്ചാട്ടങ്ങൾക്കും മനോഹരമായ ഭൂപ്രകൃതിക്കും നടുവിലായി സ്ഥിതി ചെയ്യുന്നന ഫൂൽബാനി ഒഡീഷയിലെ ഭുവനേശ്വറിൽ നിന്നും 200 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. കന്യാവനങ്ങളാലും ശാന്ത ജീവിതം ആഗ്രഹിക്കുന്ന ഗോത്രജനങ്ങളാലും സമ്പന്നമായ ഇവിടെ കർഷകരാണ് കൂടുതലും ഉള്ളത്. ഇതും റെഡ് കൊറിഡോറിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥലമായതിനാൽ ഇവിടെ സഞ്ചരിക്കുന്നവർ കുറച്ചധികം മുൻകരുതലുകളെടുക്കുന്നത് നല്ലതായിരിക്കും.
നിക്കോബാർ ദ്വീപുകൾ
പറയുമ്പോൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം എന്ന് ഒരുമിച്ച് പറയുമെങ്കിലും പോകുമ്പോൾ കാര്യങ്ങൾ വേറെയാണ്. ആൻഡമാനിലെ ദ്വീപുകളിൽ മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാറുള്ളത്. നിക്കോബാർ എന്നത് ആൻഡമാനിൽ നിന്നും കുറച്ച് മാറി കഴിയുന്ന ദ്വീപുകളുടെ മറ്റൊരു കൂട്ടമാണ്. കന്യാവനങ്ങളും പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രവിഭാഗങ്ങളും താമസിക്കുന്ന ഇവിടേക്ക് സഞ്ചാരികൾക്ക് ഒരു കാരണവശാലും പ്രവേശനം അനുവദിക്കാറില്ല. വിദേശികളുടെ കാര്യം പറയാനുമില്ല. പുറംലോകവുമായി യാതൊരു ബന്ധവും പുലർത്താത്ത ആളുകൾ ഇവിടെ ജീവിക്കുന്നതിനാലാണ് ഇവിടെ പ്രവേശനം അനുവദിക്കാത്തത്. ഒരു രീതിയിലും മറ്റുള്ളവരോടെ പൊരുത്തപ്പെടാത്ത, ആധുനികതയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വിഭാഗം ആളുകളാണ് സെന്‍ടിനെലുകള്‍ എന്നറിയപ്പെടുന്നത്. നോര്‍ത്ത് സെന്റിനെല്‍ ദ്വീപില്‍ താമസിക്കുന്ന ഇവര്‍ തീരെ അപരിഷ്‌കൃതര്‍ ആയ ജനവിഭാഗമാണ്. പുറത്തു നിന്നെത്തുന്നവരെ കൊന്നു കളയാനും മടിക്കാത്ത ഇവർ എണ്ണത്തിൽ വളരെ കുറവാണ്. പുറമേ നിന്നുള്ള സമ്പർക്കം ഇവരുടെ ജീവിതത്തിനു ഭീഷണിയാകുന്നതിനാലാണ് പ്രവേശനം തടഞ്ഞിരിക്കുന്നത്. ഗവേഷണം പോലുള്ള അപൂര്‍വ്വ കാര്യങ്ങൾക്കു മാത്രമേ ഒട്ടേറെ കടമ്പകൾ കഴിഞ്ഞാൽ പ്രവേശനം അനുവദിക്കാറുള്ളൂ.
ബാരൻ ഐലൻഡ്
ബാരന് ഐലന്‍ഡ് ആന്‍ഡമാന്‍ തെക്കന്‍ ഏഷ്യയിലെ ഏക സജീവ അഗ്നി പര്‍വ്വതം സ്ഥിതി ചെയ്യുന്ന ഇടമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ബാരന് ഐലന്‍ഡ്. പോര്‍ട്ട് ബ്ലെയറില്‍ നിന്നും അഞ്ച്-ആറ് മണിക്കൂര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ നാവികസേനയ്ക്കും തീരരക്ഷാ സേനയ്ക്കുമല്ലാതെ മറ്റാര്‍ക്കും കടക്കാന്‍ അനുമതി നല്കാറില്ല.

അറയ്ക്കലെ വിശേഷങ്ങൾ

അറയ്ക്കലെ വിശേഷങ്ങൾ


അറക്കൽ രാജവംശം! അതിൻറെ സത്യസന്ധമായ ചരിത്രം ഇന്നും അവ്യക്തതയോടെ കിടക്കുകയാണ്. കേരളത്തിലെ ചരിത്രപഥത്തിൽ ശ്രദ്ധേയമായ ഒരു സജീവ യാഥാർത്ഥ്യമായിരുന്നു ഒരുകാലത്ത് അറക്കൽ രാജവംശം. പെരുമാക്കന്മാരും, കോലത്തിരിയും, സാമൂതിരിയും, ഇംഗ്ലീഷുകാരും, ഡച്ചുകാരും, ഹൈദരലിയും, ടിപ്പുസുൽത്താനും, ഫ്രാൻസിസ് ബുക്കാനിനും ഹാമിൽട്ടണും ഗുണ്ടർട്ടും ശൂരനാടും ഇളംകുളവും ചിറക്കൽ ടിയുമൊക്കെ ചിനക്കിച്ചികഞ്ഞ ചരിത്രമതിനുണ്ട്.
കെട്ടുകഥകളും ചരിത്ര ശകലങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ആ അവ്യക്തയിൽനിന്ന് ചിലത് അവതരിപ്പിക്കട്ടെ.
കണ്ണൂർ എന്നാണ് കാനന്നൂരിൻെറ ശരിയായ പേര് . ഈ സ്ഥലം ഡച്ചുകാരിൽ നിന്നും കണ്ണൂർ ബീവിയുടെ മുൻഗാമികൾ വിലക്ക് വാങ്ങിയതാണ്. ഈ സംഭവത്തിൽ മുമ്പ് കണ്ണൂർ ബീവിയുടെ കുടുംബം അത്രയും പ്രശസ്തമായിരുന്നില്ല. അവർ തികച്ചും ചിറക്കൽ രാജാക്കന്മാരുടെ ആശ്രിതന്മാരായിരുന്നു. കീഴടക്കുവാൻ ഒക്കാത്തതെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ കോട്ടയുടെ ആധിപത്യം കിട്ടിയതോടെയാണ് ഈ രാജകുടുംബം ശക്തി നേടിയതും മലബാറിലെ മാപ്പിളമാരുടെ മുഴുവൻ നേതൃത്വത്തിലേക്ക് അവരോധിക്കപ്പെട്ടതും. മലബാറിൽ ഈ മുസ്ലിം രാജകുടുംബത്തിന് അധികാരം കൈവന്ന സാഹചര്യങ്ങളെപ്പറ്റി പരസ്പര വിരുദ്ധമായ പല അഭിപ്രായങ്ങളും ചരിത്രകാരന്മാർക്കിടയിൽ ഉണ്ട്.
ക്രിസ്ത്വബ്ദം പതിനാലാം നൂറ്റാണ്ടിലെ അന്ത്യദശയിൽ ഏഴിമലയിലെ കോലത്തിരി രാജധാനിയുടെ തന്ത്രപരമായ പ്രാധാന്യം മിക്കവാറും അസ്തംഗതമായ അവസരത്തിലായിരുന്നു കണ്ണൂരിലെ അറക്കൽ മാപ്പിള രാജവംശം സ്ഥാപിതമായത്. കോലത്തിരിയുടെ 5 മന്ത്രി പ്രമാണിമാരിൽ ഒരാളും കപ്പൽപ്പടയുടെ നേതാവുമായിരുന്ന രാമന്തളി അരയൻകുളങ്ങര നായർ തറവാട്ടിലെ ഒരാൾ ഇസ്‌ലാം മതത്തിൽ ചേർന്നു മുഹമ്മദാലി അഥവാ മമ്മാലി ആയിത്തീർന്നു. എന്നാലും അദ്ദേഹം കോലത്തിരിയുടെ ആസ്ഥാനത്തിൽ മന്ത്രിയായി തന്നെ പ്രവർത്തിച്ചുപോന്നു.
ഒരവസരത്തിൽ അദ്ദേഹം ഏഴുമല പുഴയിൽ കുളിച്ചു കൊണ്ടിരിക്കെ, പുഴയുടെ കരയിൽ കെട്ടിയിറക്കിയിട്ടുള്ള കുളിപ്പുരയിൽ നിന്ന് നീന്തി നടുപ്പുഴയിൽ എത്തിയ ഒരു കോലത്തിരി തമ്പാട്ടി മുങ്ങി മരിക്കാറായത് കാണുകയും പുഴയിൽ ചാടി നീന്തി തമ്പാട്ടിയെ കരയിൽ കയറ്റി രക്ഷിക്കുകയും ചെയ്തു. ജാതിഭ്രഷ്ടായി ത്തീർന്ന തമ്പാട്ടിയെ കോലത്തിരിയുടെ കല്പന പ്രകാരം മമ്മാലി വിവാഹം ചെയ്തു. ആ തമ്പാട്ടിക്ക് സ്ത്രീധനമായി കോലത്തിരി തമ്പുരാൻ ഏഴിമലയിലും മാടായിയിലും മറ്റുമുള്ള നെൽപ്പാടങ്ങൾ പലതും, കണ്ണൂരിൽ പല പ്രദേശങ്ങളും അവിടെത്തന്നെ ഒരു കൊട്ടാരവും നൽകുകയുണ്ടായി. കൊട്ടാരത്തിന് അറക്കൽ കെട്ട് എന്ന പേരും നൽകി. ആ തമ്പാട്ടിക്ക് അറക്കൽ ബീവി എന്ന സ്ഥാനപ്പേരും നൽകി.
മമ്മാലി എന്ന അറക്കൽ സുൽത്താനും അദ്ദേഹത്തിൻറെ പിന്തുടർച്ചക്കാരായവരും 'മമ്മാലിക്കിടാവുകൾ' എന്ന പേരിൽ കോലത്തിരിയുടെ പാരമ്പര്യ മന്ത്രിമാരായി തന്നെ സേവനമനുഷ്ഠിച്ചു പോന്നു. കോലത്തിരിയുടെ കാര്യാലോചന യോഗങ്ങളിൽ മമ്മാലിക്കിടാവുകൾക്ക് പ്രാധാന്യമുണ്ടായിരുന്നു . തദവസരങ്ങളിൽ അതതുകാലത്തെ അറക്കൽ സുൽത്താൻ അദ്ദേഹത്തിൻറെ അധികാരചിഹ്നമായ ഊരിയവാൾ പെട്ടിയുടെ മേൽ കുത്തി നിർത്താറുണ്ടായിരുന്നു. അതിൻറെ അർത്ഥം കോലത്തിരി ഏതുകാര്യം നിർവഹിക്കണമെന്ന് നിശ്ചയിച്ചാലും അതിലേക്ക് ചെലവിനുള്ള ദ്രവ്യം താൻ ഉണ്ടാക്കി കൊള്ളാം എന്നായിരുന്നുവത്രേ. അറയ്ക്കൽ വംശത്തിലെ അഞ്ചാമത്തെ മൂപ്പനായ ആലി മൂസയുടെ കാലത്ത് ആ കുടുംബത്തിന് പൂർവാധികം പേരും പെരുമയും നേടുവാൻ കഴിഞ്ഞു .
ആലിമൂസ A.D 1550-ൽ കോലത്തിരിക്ക് ലക്ഷദ്വീപുകളിൽ അധീനമായിരുന്ന അഗത്തി, കവറത്തി, ആന്ത്രോത്ത് , കൽപേനി, മിനിക്കോയ് എന്നീ ദ്വീപുകൾക്ക് പുറമേ 6 ദ്വീപുകൾ കൂടി അധീനപ്പെടുത്തുകയുണ്ടായി. ഇതിന് പാരിതോഷികം എന്ന നിലയിൽ കോലത്തിരി അറക്കൽ കൊട്ടാരത്തിലേക്ക് കണ്ണൂർ നഗരം മുഴുവനും കണ്ണോത്തുംചാൽ എന്ന പ്രദേശവും അറക്കൽ 'ആദിരാജ' എന്ന സ്ഥാനവും നൽകി. കണ്ണൂരിലെ ആദിരാജാവിന് കോലത്തിരിയുടെ ഏത് യുദ്ധത്തിനും 20,000 മാപ്പിള പടയാളികളെ അയച്ചുകൊടുക്കാനുള്ള ശക്തിയുണ്ടായിരുന്നു, എന്ന് ഹാമിൽട്ടൺ രേഖപ്പെടുത്തിയിട്ടുണ്ട്. ആദിരാജ എന്ന സ്ഥാനപ്പേർ അറക്കൽ കൊട്ടാരത്തിൽ കാരണവർ സ്ഥാനത്ത് വരുന്ന സ്ത്രീ-പുരുഷന്മാർ എല്ലാം ഒരുപോലെ ഉപയോഗിക്കുകയാണ് പതിവ്. സ്ത്രീയാണെങ്കിൽ അറക്കൽ ബീവി ആദിരാജ എന്നായിരിക്കും സ്ഥാനം. കോലത്തുനാട്ടിലെ മാപ്പിള സമുദായത്തിൻറെയും എല്ലാ മുസ്ലീം പള്ളികളുടെയും നീതിനിർവഹണാധികാരം കൈവന്നതോടുകൂടി അറക്കൽ കൊട്ടാരം ഉത്തര കേരളത്തിലെ പ്രബല രാഷ്ട്രീയ ശക്തിയായിത്തീർന്നു.
കണ്ണൂർ പ്രദേശം അറക്കൽ വാഴ്ചയിൽ കീഴിൽ ആയതോടുകൂടി അവിടെ നൽകപ്പെട്ട പ്രത്യേക ആനുകൂല്യങ്ങളുടെ ഫലമായി ഒട്ടേറെ മാപ്പിള കുടുംബങ്ങൾ സ്ഥിരതാമസം തുടങ്ങി. തൽഫലമായി കണ്ണൂരിൽ കോലത്തിരിയുടെ അധികാരം ക്രമേണ ചുരുങ്ങിവന്നു. മാത്രമല്ല അവിടെ സ്ഥിരതാമസക്കാരായ ബ്രാഹ്മണരും നായന്മാരും കോലത്തുനാട്ടിൽ മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പാർത്തു. 14 ഇല്ലക്കാരായ കണ്ണൂർ തയ്യിലെ നായന്മാർ മുഴുവനും പള്ളിക്കുന്നിലേക്കാണ് താമസം മാറ്റിയത്.
അറക്കൽ പുരുഷപ്രജയെ 'കോയ' എന്നും സ്ത്രീകളെ 'ബീവി' എന്നും വിളിച്ചുവന്നു. പെണ്ണ് കാരണവത്തിയായാൽ അവരെ 'പെറ്റ' എന്നാണ് പറഞ്ഞുപോന്നത്. കാരണവരെ ബഹുമാനസൂചകമായി 'ലബൈക്ക' എന്ന് അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. (തിരുമേനി,തമ്പുരാനെ എന്നൊക്കെയാണ് ഈ അറബ് പദത്തിൻെറ അർത്ഥം) കണ്ണൂർ സിറ്റിയിലെ മുസ്ലീം തറവാടുകളിൽ ഏറ്റവും പ്രശസ്തമായ വലിയകത്തെ പുരുഷന്മാരുടെ പേരോടൊപ്പം കുട്ടി അല്ലെങ്കിൽ കുഞ്ഞ് എന്ന പദം ചേർത്ത് വിളിക്കാറുണ്ട് .ഇത് സ്ത്രീകൾക്കും ബാധകമാണ്.
പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനകാലത്ത് ലാൻഡ് സർവേ നടന്നപ്പോൾ അറയ്ക്കലെ പല തറവാട്ടുകാരും തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമി തങ്ങളുടെ സ്വന്തം ജന്മമാണെന്ന് അധികാരികളെ അറിയിച്ചു. അവരെല്ലാം ആ നിലയിൽ 'ജന്മക്കാർ' ആയി. അങ്ങനെ പറയാത്തവരുടെ ഭൂസ്വത്തുക്കളുടെ ജന്മാവകാശം അറയ്ക്കലിനുള്ളതായി.
അറയ്ക്കൽ രാജവംശത്തിന് കീഴിലുള്ള താവഴികൾ അഥവാ തറവാട്ടുകാർ ശക്തിപ്പെട്ടുവന്നു. തറവാട്ടുകാർക്ക് 'അകത്തുകാനത്ത്' എന്ന ഒരു പ്രത്യേക അവകാശം അറക്കൽ രാജാവ് അനുവദിച്ചിരുന്നു. അതനുസരിച്ച് തറവാട്ടുകാരുടെ വീടുകളിൽ കല്യാണമുണ്ടായാൽ കാനത്ത് അഥവാ നിക്കാഹ് കർമ്മം നടത്താൻ ഖാസി അഥവാ ഖത്തീബ് അവരുടെ വീടുകളിൽ ചെല്ലും.
തറവാട്ടുകാർ അല്ലാത്തവർക്ക് പള്ളിയിൽവച്ച് മാത്രമാണ് കാനത്ത്. അകത്ത് കാനത്ത് തങ്ങൾക്ക് കൈവന്ന വലിയൊരു അവകാശമായും ബഹുമതിയായും തറവാട്ടുകാർ കരുതിപ്പോന്നിരുന്നു.
കാലാന്തരത്തിൽ അറയ്ക്കൽ രാജവംശം കൂടുതൽ കൂടുതൽ ദുർബലമായി വന്നപ്പോൾ 101 പണം ( പിൽക്കാലത്ത് 101 രൂപ) രാജാവിനെ ഏൽപ്പിച്ചാൽ ആർക്കും അകത്തുകാനത്തിന് അനുവാദം കൊടുത്തിരുന്നു എന്നാണറിവ് . എവിടെ കല്യാണമുണ്ടായാലും അതിന് ആദ്യമായി അറയ്ക്കലിൽ ചെന്ന് അനുവാദം വാങ്ങണമെന്നാണ് നിശ്ചയം. 'കാനത്തിൻെറ സമ്മതം' കിട്ടാൻ രാജാവിന് ഒരു ചെറിയ കാണിക്ക സംഖ്യയും വയ്ക്കണം. കല്യാണ കത്തുകൾ അച്ചടിക്കുന്ന കാലം വന്നപ്പോൾ ക്ഷണക്കത്തിൽ ആദ്യം വിലാസം കുറിയ്ക്കേണ്ടത് 'ആദിരാജ..... തങ്ങൾക്ക് ' എന്നായിരിക്കണം. രണ്ടാമത്തേത് കുട്ടി മാപ്പിളകത്തെ കാരണവർക്ക്. പിന്നെ മറ്റ് തറവാട്ടു കാരണവന്മാർക്ക്, അറയ്ക്കൽ രാജാവും കുടുംബാംഗങ്ങളും പ്രജകൾ നിന്ന് എന്നും അകലം സൂക്ഷിച്ചുപോന്നു. അറയ്ക്കലെ സ്ത്രീകളെ പ്രജകളാരും കല്യാണം കഴിക്കില്ല. തലശ്ശേരിയിലെ 'കേയി'മാരോ കൊയിലാണ്ടിയിലെ പ്രമാണിമാരോ മാത്രമേ ഇവരെ വിവാഹം കഴിക്കുകയുള്ളൂ. ഭാര്യവീട്ടിൽ സ്ഥിരതാമസമാക്കുന്ന കേയിമാരെ 'ഇളയാവ' എന്നോ 'ഇളയ' എന്നോ ആണ് വിളിച്ചുവന്നത്.
അറക്കൽ പരിധിയിലെ മുഴുവൻ പള്ളികളുടെയും മുതമല്ലി (കാരണവർ)യും ഖാസി (നീതിപതി) യും രാജാവ് തന്നെയായിരുന്നു. ഭരണസൗകര്യത്തിനുവേണ്ടി ഈ അധികാരാവകാശങ്ങൾ വിനിയോഗിക്കുവാൻ പ്രതിനിധികളെ നിശ്ചയിച്ചു. പള്ളികളുടെ പരിപാലനം മുഴുവൻ അറയ്ക്കൽ കുടുംബം തന്നെ നേരിട്ട് നിർവഹിക്കണമെന്നാണ് വ്യവസ്ഥ. അറയ്ക്കൽ രാജാവും കുടുംബവും അവരുടെ കെട്ടിനകത്തുള്ള പള്ളികളിൽ പ്രാർത്ഥിക്കും. വെള്ളിയാഴ്ച സിറ്റിജ്ജുമായത് പള്ളിയിൽ ജുമാനടക്കുമ്പോൾ തൊട്ടടുത്തുള്ള 'മൗലിന്റെ' മഖാമിൽ എഴുന്നള്ളി രാജാവ് നമസ്കരിക്കുന്നുണ്ടാവും .
പഴയ ഭൂപ്രഭുക്കന്മാരെയും രാജാക്കന്മാറെയും പോലെ അറയ്ക്കൽ രാജാവും ഒരുപാട് ഭൂമിയും വസ്തുവകകളും വെട്ടിപ്പിടിച്ചിരുന്നു. പണ്ടാരം വക എന്ന പ്രയോഗത്തിന് പണ്ട് ആരുടെയോ വക എന്നാണ് വ്യാഖ്യാനമെന്ന് അറയ്ക്കലെ പ്രജകൾ പറയാറുണ്ടായിരുന്നു.
ഒരിക്കൽ ദ്വീപിലെ ആമീൻ അറയ്ക്കലിനെതിരായി ലഹള നടത്തി.ലഹളയിൽ പരാജിതനായ അമീറിന് അറയ്ക്കൽ രാജാവ് നൽകിയ ശിക്ഷ കണ്ണ് കുത്തിപൊട്ടിയ്ക്കലായിരുന്നു. അമീർ മംഗലാപുരത്ത് ചെന്ന് ടിപ്പുവിനോട് സങ്കടമുണർത്തിച്ചു. ക്രുദ്ധനായ ടിപ്പു പടയുമായി കണ്ണൂരിലെത്തി. ഭയചകിതനായ അറയ്ക്കൽ രാജാവും മദ്ധ്യസ്ഥന്മാരും ഉപായങ്ങളെല്ലാമുപയോഗിച്ച് ടിപ്പുവിനെ മയപ്പെടുത്തി. ക്രമത്തിൽ മിത്രഭാവം ശക്തിപ്പെട്ടു. ടിപ്പു അറയ്ക്കൽ കുടുംബത്തിൽനിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അപ്പോഴാണ് സേനാധിപനിൽനിന്ന് നാലാം മൈസൂർ യുദ്ധത്തിന്റെ വിവരം ലഭിച്ചത്, ടിപ്പു തിരികെ പോയി.
അറയ്ക്കൽകാർക്ക് നല്ലോരു സിവിൽ ഭരണമുണ്ടായിരുന്നു . സിവിൽഭരണത്തിന്റെ ചുമതല 'കാര്യക്കാർ' നിർവഹിച്ചുപോന്നു. സിവിൽ ഭരണരംഗത്തെ സമുന്നതപദവിയായിരുന്നു 'കാര്യക്കാർ' എന്നത്. (കാര്യക്കാറകത്ത് എന്നൊരു തറവാട് ഇന്നുമുണ്ട്) ഓരോ വിഭാഗത്തിന്റെയും മേൽനോട്ടം നിർവഹിക്കാൻ പ്രത്യേകം പ്രത്യേകം ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി. പള്ളികളുടെ ചുമതലയ്ക്കു 'പള്ളിമൂപ്പൻ' മാരെ ചുമതലപ്പെടുത്തി. നെയ്ത്തുകാരെ ശ്രദ്ധിക്കുന്ന മൂപ്പനെ 'തറിമൂപ്പൻ' , മത്സ്യത്തൊഴിലാളികളുടെ കാര്യവിചാരം നടത്തി വേണ്ടതുചെയ്യാൻ 'മരക്കാർ' മൂപ്പനെയും നിയോഗിച്ചു. (മത്സ്യത്തൊഴിലാളികളുടെ പ്രദേശമായ 'മരക്കാർക്കണ്ടി' ഇന്നും ആ പേര് അന്വർത്ഥമാക്കുന്നു) രാജ്യരക്ഷ 'കുരിക്കളുടെ' ചുമതലയിലായിരുന്നു.'കുരിക്കളകത്തുകാർ പഴയ കാലത്തിൻറെ സ്മരണ ഇന്നും നിലനിർത്തിപ്പോരുന്നു.
കണ്ണൂർ നഗരത്തിലെ ഏറ്റവും ഉയർന്ന കസാനക്കോട്ട എന്ന സ്ഥലത്താണ് അറക്കൽ രാജാവിൻറെ ട്രഷറി സ്ഥിതിചെയ്യുന്നത്. അവിടെ അളവറ്റ നിധി മറഞ്ഞുകിടപ്പുണ്ടെന്നും അറക്കൽ കുടുംബം ദാരിദ്ര്യത്തിൽ ആകുന്ന കാലത്ത് ആ നിധി അവർ കണ്ടെത്തുമെന്നുമാണ് ഐതിഹ്യം. ഒരു കോട്ടയുടെ അവശിഷ്ടം ഇന്നും അവിടെ കാണാം. അവിടെ ഒരു പള്ളിയുമുണ്ട്. കോട്ടയിലെ പള്ളി എന്ന പേരിൽ അതിനു താഴെയുള്ള ഭാഗം 'കോട്ടയ്ക്കുതാഴെ' എന്നും അറിയപ്പെടുന്നു.
അറയ്ക്കൽകൊട്ട് എന്നത് ഒരു പ്രത്യേക ബാൻഡ് വാദ്യമാണ്. നോമ്പുകാലത്തിൻെറ അന്തരീക്ഷത്തിൽ ഈ വാദ്യമേളം ആകാശത്തിൽ മുഖരിതം ആയിരിക്കും. നോമ്പുമാസം ആരംഭിക്കുന്നതുതന്നെ 'അറക്കൽ കൊട്ട്' കേട്ടുകൊണ്ടാണ്. നോമ്പുകാലത്ത് രാത്രിയിൽ അറയ്ക്കലെ വാദ്യ ക്കാർ തറവാട്ടിൽ ചെന്ന് വാദ്യാലാപനം നടത്തി ചില്ലറ നേടും. പാതിരാ നേരത്ത് ഇവർ ഒരു പ്രത്യേക താളത്തിൽ 'ഒറ്റക്കൊട്ട്' കൊട്ടും.
'അത്താഴ കൊട്ട്' എന്ന ഈ കൊട്ട് അത്താഴത്തിനുള്ള അറിയിപ്പ് കൊട്ടായിരുന്നു. പെരുന്നാൾ മാസപ്പിറവി അറിയിക്കുന്ന ദീപം അറയ്ക്കൽ കൊട്ടാരത്തിൻെറ ആലയപ്പടിക്ക് മുന്നിൽ തെളിഞ്ഞാൽ 'അറക്കൽ കൊട്ട്‌' നിലച്ചു. പിന്നെ അറയ്ക്കൽ വാദ്യക്കാർക്ക് അടുത്ത റംസാൻ വരെ വിശ്രമം ആയി. അറയ്ക്കൽ കുടുംബത്തിൽ വിവാഹം നടക്കുകയാണെങ്കിൽ അക്കാലം അവിടെ വിശേഷവാദ്യം മുഴങ്ങും.
എല്ലാ ചന്ദ്രമാസവും പതിനൊന്നാം രാവിന് അറയ്ക്കൽക്കാർ 'പള്ളിക്കചോറ്' എന്ന ഒരുതരം ചോറുണ്ടാക്കി പ്രജകളിൽ പ്രമുഖർക്കും പിന്നെ പാവങ്ങൾക്കും കൊടുത്തിരുന്നു. വെള്ളം വറ്റിച്ചു ഉണ്ടാക്കുന്ന വിശിഷ്ടമായ ഈ ചോറ് ഒരു പിടി കിട്ടുകയെന്നത് അന്ന് വലിയ ബഹുമതിയായും ഈശ്വരാനുഗ്രഹമായും കരുതപ്പെട്ടിരുന്നു. കൂടാതെ റബീഉൽ അവ്വൽ 1 മുതൽ 12-ആം തീയതി നബിദിനം വരെ സമൂഹത്തിലെ പ്രമാണിമാർക്ക് 'അറയ്ക്കൽ പത്തിൽ' (പത്തിരി) എന്ന ഒരു ചെറിയ തരം വിശിഷ്ടമായ പത്തിരിയും മൗലൂദും നാൾ അതോടൊപ്പം പൊരിച്ച ഇറച്ചിയും ദാനം ചെയ്യാറുണ്ടായിരുന്നു.
അക്കാലത്ത് വലിയ സദ്യ നടത്താനുള്ള കയ്യും കരുത്തും അറക്കൽ കെട്ടിന് മാത്രമായിരുന്നു. അറയ്ക്കലെ സദ്യയ്ക്ക് ധനിക-ദരിദ്ര ഭേദമന്യേ ജനങ്ങൾ പങ്കെടുക്കാറുണ്ട്.
പെരുന്നാൾ മാസപ്പിറവി ആദ്യം കാണുന്ന മുസ്ലിമായി പ്രജയ്ക്ക് അറക്കൽ വക ഒരു പ്രത്യേക മുണ്ടും കുപ്പായവും സമ്മാനിക്കുന്ന പതിവുമുണ്ടായിരുന്നു.

Friday, June 8, 2018

എയർ ഫോഴ്സ് വൺ പറക്കും വൈറ്റ് ഹൗസ്




അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രയ്ക്കായി തയ്യാറാക്കിയിട്ടുള്ള ബോയിങ് 747-200 അഥവാ ജംബോ ജെറ്റ് വിമാനമാണ് എയർ ഫോഴ്‌സ് - വൺ. പറക്കും വൈറ്റ്ഹൗസ് എന്ന് വിളിപ്പേരുള്ള ഈ വിമാനത്തിനുള്ളിൽ വെറ്റ് ഹൗസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഭൂമിയിലും ആകാശത്തുമുള്ള അക്രമണങ്ങളെ ഒരുപോലെ നേരിടാനും പ്രത്യാക്രമണം നടത്താനും ശേഷിയുള്ള സ്വയംനിയന്ത്രിത ആയുധങ്ങളും തോക്കുകളുമൊക്കെ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 25 കോടി ഡോളർ വില വരുന്ന ഇത്തരത്തിലുള്ള രണ്ടു വിമാനങ്ങൾ അമേരിക്കൻ പട്ടാളത്തിന്റെ പക്കലുണ്ട്. മണിക്കൂറിൽ 1014 കിലോമീറ്റർ സഞ്ചരിക്കുന്ന ഇവയ്ക്ക് 76000 അടി ഉയരത്തിൽ വരെ പറക്കാനാവും. ഏതു പ്രതികൂല കാലാവസ്ഥയിലും പറക്കുന്ന ഇവയ്ക്ക് അക്രമണങ്ങളിലും യന്ത്രത്തകരാറൊന്നും സംഭവിക്കില്ലെന്നതാണ് പ്രത്യേകത. മണിക്കൂറിൽ ഒരു ലക്ഷം ഡോളറാണ് ഈ വിമാനത്തിനുള്ള ചെലവ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലാണ് എയർഫോഴ്‌സ്‌ വൺ.

ഘടന
------

നാലായിരത്തോളം ചതുരശ്ര അടി വിസ്തീർണ്ണവും 70.4 മീറ്റർ നീളവും 59.6 മീറ്റർ വീതിയും ഈ വിമാനത്തിനുണ്ട്. പ്രസിഡന്റിനു പ്രത്യേകമായി ഒരു സ്യൂട്ട് മുറിയുള്ള ഇതിന് മൂന്നു നിലകളാണുള്ളത്. കിടപ്പറ, ഒരു ഡ്രസ്സിങ് റൂം, കുളിമുറി, ജിം പരിശീലന സ്ഥലം തുടങ്ങിയവ ഉൾപ്പെട്ടതാണ് പ്രസിഡന്റിന്റെ സ്വകാര്യമുറി. അത്യാധുനിക ആശയവിനിമയശൃംഖലക്കു പുറമെ 85 ടെലിഫോൺ, 19 എൽ.സി.ഡി സ്‌ക്രീനുകൾ എന്നിവയും വിമാനത്തിന്റെ ഭാഗമായിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് ആഡംബര കാർ(ലിമോസിൻ), ആംബുലൻസ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

സൗകര്യങ്ങൾ
-----------

ഈ വിമാനത്തിൽ 102 പേർക്ക് ഇരിക്കാനാകും. വൈദ്യചികിത്സാ സൗകര്യങ്ങളുള്ള മെഡിക്കൽ സ്യൂട്ട്, പ്രസിഡന്റിന്റെ സഹായികളായ മുതിർന്ന ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക കാബിനുകൾ, സമ്മേളനഹാൾ, സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള താമസസൗകര്യം, മാധ്യമപ്രവർത്തകർക്കുള്ള ഇരിപ്പിടം, ജീവനക്കാർക്കുള്ള മുറികൾ തുടങ്ങിയവയാണ് മറ്റു സൗകര്യങ്ങൾ. വിമാനത്തിലെ ഭക്ഷണശാലയിൽ ഒരേ സമയം നൂറു പേർക്ക് ഭക്ഷണം വിളമ്പാനാകും. സാറ്റലൈറ്റ് സംവിധാനത്തിലൂടെ വിമാനയാത്രയിൽ തന്നെ പ്രസിഡന്റിന് ഏതു ലോകനേതാവുമായും ആശയ വിനിമയം നടത്താനാവും.
യാത്രക്കിടയിൽ അക്രമണം നടന്നാൽ, മെഡിക്കൽ സൗകര്യവും രക്തബാങ്കും ഒരുക്കിയിട്ടുണ്ട്. യാത്രക്കിടയിൽ തന്നെ ആവശ്യമെങ്കിൽ ഇന്ധനം നിറയ്ക്കുകയുമാവാം.

സുരക്ഷ
---------

ഭീകരാക്രമണത്തിനും, ആണവായുധ ആക്രമണത്തെപ്പോലും പ്രതിരോധിക്കും വിധമാണ് ഇതിന്റെ നിർമ്മിതി. ഇലക്ട്രിക് ഡിഫൻസ് സിസ്റ്റം പോലുള്ള പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ശത്രുവിന്റെ റഡാറുകളുടെ ദിശ മാറ്റാനും മിസൈലുകളെ തകർക്കാനും കഴിയും. വിമാനത്തിലെ മിറർ ബാൾ ഡിഫൻസിലൂടെ ഇൻഫ്രാ റെഡ് മിസൈൽ ദിശാസംവിധാനത്തെ കണ്ണഞ്ചിപ്പിച്ച് ശത്രുവിന്റെ മിസൈലുകളെ ആശയക്കുഴപ്പത്തിലാക്കി അക്രമണം തടയാൻ സാധിക്കും.
ആണവായുധം കൊണ്ടുള്ള അക്രമണം ചെറുക്കാനും അമേരിക്കൻ പ്രസിഡന്റിന് ആവശ്യമെങ്കിൽ വിമാനത്തിൽ ഇരുന്നു കൊണ്ട് ആണവ പ്രത്യാക്രമണം നടത്താനുമുള്ള സൗകര്യമുണ്ട്. ന്യൂക്ലിയർ ബട്ടൺ ഘടിപ്പിച്ച മിലിട്ടറി ബ്രീഫ് കേസ് വിമാനത്തിലുണ്ട്.

ഈ വിമാനത്തിന്റെ ബാക്കി സംവിധാനങ്ങളെ പറ്റിയുള്ള വിവരങ്ങൾ സുരക്ഷയുടെ ഭാഗമായി പുറത്തുവിട്ടിട്ടില്ല.

Wednesday, May 23, 2018

കരിന്തണ്ടൻ : വിസ്മരിക്കപ്പെട്ട ചരിത്രപുരുഷൻ



1700 കാലഘട്ടം .. ബ്രിട്ടീഷുകാർ ഇന്ത്യഭരിക്കുന്ന കാലം. പൊന്നും മണ്ണും ഏലവും കുരുമുളകും തേയിലയും എല്ലാം തേടി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കണ്ണുകൾ ഇന്ത്യ ഒട്ടാകെ പാഞ്ഞു. ലാഭം കിട്ടുന്നിടമെല്ലാം ഇംഗ്ലീഷ് രാഞ്ജിയുടെ കീഴിലായി . ഇന്ത്യക്കാരുൾപ്പടെ പലരും ഇതിനു കൂട്ട് നിൽക്കുകയും ചെയ്തു .
പൊന്നു വിളയുന്ന മണ്ണിടങ്ങൾ നോക്കി നോക്കി കമ്പനി പട്ടാളം ഒടുവിൽ കോഴിക്കോടും എത്തി . അവിടെ നിന്ന് അടിവാരം വരെ എത്തിയെങ്കിലും ഉയർന്നു നിൽക്കുന്ന മല നിരകൾ അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞു . മല കയറിയാൽ വയനാട്ടിലെ സുഗന്ധദ്രവ്യങ്ങൾ എളുപ്പത്തിൽ കൈക്കലാക്കാമെന്ന് മനസിലായ കമ്പനി അതിനുള്ള വഴികൾ  ആരാഞ്ഞു. കൂടാതെ അവിടെ നിന്ന് മൈസൂർക്ക് വഴി വെട്ടമെന്നും അവർ മനസിലാക്കി എടുത്തു .

ഒടുവിൽ ഒരു നാട്ടുകാരനെ വശത്താക്കി , മലമുകളിൽ എത്താനുള്ള മാർഗം കമ്പനിക്ക് മുന്നിൽ ഉരുത്തിരിഞ്ഞു . ആ നാട്ടുകാരനാണ് പറഞ്ഞത് കരിന്തണ്ടനെ കണ്ടു പിടിച്ചാൽ  മല കയറാമെന്ന് . പണിയ സമുദായക്കാരുടെ കാർന്നോരായിരുന്നു ആദിവാസി മൂപ്പനായ കരിന്തണ്ടൻ . അന്ന് മല മുകളിലും കാടുകളിലും പണിയ സമുദായക്കാരായിരുന്നു കൂടുതൽ. കരിന്തണ്ടനെ ആദിവാരത്തുള്ള അദ്ദേഹത്തിന്റെ ഊരായ ചിപ്പിളത്തോടു നിന്ന് സായിപ്പിന്റെ മുന്നിൽ എത്തിച്ചു . എന്നാൽ കരിന്തണ്ടൻ ആദ്യം വഴങ്ങിയില്ല . മറ്റുള്ളവർ തങ്ങളുടെ മണ്ണും മലയും തീണ്ടരുത് , തീണ്ടിയാൽ കുലം മുടിയുകയും നാട് നശിക്കുകയും ചെയ്യുമെന്ന് കരിന്തണ്ടൻ ഉണർത്തിച്ചു .
എന്നാൽ തീണ്ടുകയില്ലെന്നും ഇതുവഴി വഴി വെട്ടാൻ അനുവദിച്ചാൽ മതിയെന്നും കമ്പനി പറഞ്ഞു . ഒടുവിൽ സായിപ്പിന്റെയും നാട്ടുകാരന്റെയും വാക്കുകൾ വിശ്വസിച്ച് അവരെയും കൊണ്ട് കരിന്തണ്ടൻ മല കയറി . ഒടുവിൽ ചുരം കയറി കാടിന്റെ സൗന്ദര്യവും പൊന്നു വിളയുന്ന മണ്ണും കണ്ടപ്പോൾ സായിപ്പ് തനി സ്വഭാവം പുറത്തെടുത്തു . കരിന്തണ്ടനെ ചതിച്ചു കൊല്ലുവാൻ ശ്രമിച്ചെങ്കിലും നടന്നില്ല . അപ്പോഴാണ് കൂടെയുള്ള നാട്ടുകാരൻ സായിപ്പൊനോട് രഹസ്യമായി പറഞ്ഞത് , കരിന്തണ്ടന്റെ കയ്യിൽ ഒരു മാന്ത്രിക വളയുണ്ട് . തലമുറ തലമുറ  കൈമാറി ഊരു മൂപ്പന്മാർക് കിട്ടുന്നതാണ് ആ മാന്ത്രിക വള . അതുള്ളപ്പോൾ കരിന്തണ്ടനെ ആർക്കും ഒന്നും ചെയ്യുവാനാകില്ല . ഇത്തരം കാര്യങ്ങളിൽ വിശ്വാസം ഇല്ലെങ്കിലും ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ ഇതും കൂടി നോക്കുവാൻ സായിപ്പ് തീരുമാനിച്ചു . അങ്ങനെ ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും മാത്രം ഊറി വെക്കാറുള്ള ആ വള നാട്ടുകാരൻ സൂത്രത്തിൽ കൈക്കലാക്കി . ആ സമയം നോക്കി കമ്പനി കരിന്തണ്ടനെ വേദി വച്ച് കൊലപ്പെടുത്തി . ചുരം കയറി മറ്റൊരു സ്വർഗ്ഗ രാജ്യം കാണിച്ചു കൊടുത്ത കരിന്തണ്ടനെ അങ്ങനെ കമ്പനി ചതിച്ചു കൊലപ്പെടുത്തി .

കരിന്തണ്ടൻ കാണിച്ച് കൊടുത്ത വഴിയിലൂടെ ബ്രിട്ടീഷുകാർ പുതിയ റോഡ് ഉണ്ടാക്കി . സുഗന്ധ വസ്തുക്കൾ കൊണ്ട് പോകാനും മൈസൂരിലേക്ക് പോകാനായിരുന്നു ആ റോഡ് . പക്ഷെ ചുരം വഴി പോകുന്ന കാളവണ്ടികളും  മറ്റു വാഹനങ്ങളും നിരന്തരം അഗാധ ഗർത്തഞ്ചിലേക്ക് വീണു . അത് വഴി പോകുന്നവരെല്ലാം നിരന്തരം അപകടങ്ങളിൽ പെട്ടു . ഒമ്പതു കൊടിയ ഹെയർ പിന് വളവുകൾ കയറിയും ഇറങ്ങിയും ഉള്ള 14 കിലോമീറ്റർ ദൂരത്തിലുള്ള താമരശ്ശേരി ചുരം അങ്ങനെ എല്ലാരുടേം പേടി സ്വപ്നമായി .
ഒടുവിൽ കവടി നിരത്തി പ്രശ്നം വച്ചപ്പോൾ കരിന്തണ്ടന്റെ ആത്മാവാണ് ഇത് ചെയ്യുന്നതെന്ന് മനസിലേക്ക് , ഒരു മഹാമന്ത്രവാദിയെ കൊണ്ട് വന്നു പ്രേതത്തെ ബന്ധിപ്പിക്കാനുള്ള പരിപാടികൾ തുടങ്ങി.
എന്നാൽ സാധാരണ ആത്മാവിനെക്കാളും ഉഗ്രശക്തി ഉള്ളതായിരുന്നു കരിന്തണ്ടന്റെ ആത്മാവ് . മൂപ്പന്റെ ആത്മാവിനെ തളക്കാൻ ആണിയോ സൂചിയോ പോരാതെ വന്നു . ഒടുവിൽ ഓടത്തണ്ടിൽ ആവാഹിച്ച് വയനാട് ഗേറ്റിനടുത്തുള്ള ചങ്ങല മരത്തിന്മേൽ ബന്ധനസ്ഥാനാക്കി . കാലക്രമേണ അത് കരിന്തണ്ടൻ തറയെന്ന അറിയപ്പെട്ടു .
ഒരു ചരിത്ര പുസ്തകത്തിലും കരിന്തണ്ടന്റെ കഥ നമുക്ക് കാണുവാനാകില്ല . മറ്റനേകം ജന്മങ്ങളെക്കെ പോലെ കരിന്തണ്ടനും ഒരു മിത്തായി മാറിയിരിക്കുന്നു . ചുരം റോഡിലൂടെ വാഹങ്ങൾ കടന്ന് പോകുമ്പോൾ കരിന്തണ്ടൻ എന്ന ആദിവാസിയുടെ ബാലിയുടെ കഥ അനേകായിരം മനസ്സുകളിലേക്ക് കടന്നു വരുന്നു . സ്വാതന്ത്ര്യത്തിനു ശേഷവും ആദിവാസികൾ ചതിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ദുഖകരമായ വസ്തുതതയാണ് . കല്ലും കഞ്ചാവും ആദിവാസികളിൽ മരണത്തിന്റെ വിത്ത് വിതക്കുന്നു . അത് കൂടാതെ അഭിനവ സായിപ്പന്മാരുടെ ലീല വിലാസങ്ങൾ വേറെ . അച്ഛനാരാണെന്നു അറിയാതെ ജനിച്ചു വീഴുന്ന ആദിവാസി കുഞ്ഞുങ്ങൾ പുഴുക്കളെ പോലെ മതിയായ പോഷണവും ആഹാരവും ഇല്ലാതെ മരിച്ച്‌ വീഴുന്നു 

കരിന്തണ്ടന്റെ പിന്മുറക്കാരായ പണിയാന്മാരുടെ സാമുദായിക ഐക്യവും പുരോഗതിയും ലക്‌ഷ്യം വച്ച് കൊണ്ട് പീപ്(People’s action for Eduvational and Economic development of tribal people) എന്ന സംഘടന രൂപീകൃതമായി. കൽപ്പറ്റ കേന്ദ്രമായി വയനാട് , കണ്ണൂർ , മലപ്പുറം , കോഴിക്കോട് ജില്ലകളിലായി 1100 പണിയക്കോളനികളിലാണ് പീപ് പ്രവർത്തിക്കുന്നത്.

ഫൂലൻ ദേവി


ചമ്പൽക്കാടിന്‍റെ റാണിയായിരുന്ന ഫൂലൻ ദേവിയുടെ ജീവിതകഥ..!!
ഒരുകാലത്ത് കാടിന്റെ റാണിയായി വാണിരുന്ന ഫൂലന്‍ ദേവിയെ ഓര്‍മ്മയില്ലേ? ഇന്ത്യയിലെ മദ്ധ്യപ്രദേശിലെ ചമ്പൽകാടുകളിലെ കൊള്ളക്കാരിയും പിന്നീട് ഇന്ത്യൻ പാർമെന്റ് അംഗവുമായി പ്രവർത്തിച്ച വ്യക്തിയാണ് ഫൂലൻ ദേവി

 (10 ആഗസ്റ്റ് 1963 – 25 ജൂലൈ 2001). തട്ടിക്കൊണ്ട് പോകൽ, കൂട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്നു ഫൂലൻ ദേവി.
ഫൂലന്‍ ദേവിയുടെ ജീവിതം…! ഭൂപടത്തില്‍ കാണാന്‍ പോലും സാധിക്കാത്ത ഒരു കുഗ്രാമമായിരുന്നു ഗോരാ കാ പര്‍വ. അവിടെയാണ് ഫൂലന്‍ദേവി ജനിച്ചത്‌. ദളിത് വിഭാഗത്തില്‍ ജനനം.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ ഏറ്റവും താഴെയുള്ള ചണ്ഡാലത്തിയായി വളരാന്‍ അവള്‍ വിധിക്കപ്പെട്ടു. പതിനൊന്നാം വയസ്സില്‍ ആദ്യവിവാഹം. ആദ്യ വിവാഹം നടന്നതുമുതല്‍ ഫൂലന്റെ ജീവിതത്തില്‍ പീഡനവും തുടങ്ങി.ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ സ്വന്തം ഗ്രാമത്തിലേക്ക്‌ മടങ്ങേണ്ടിവന്നു കൊച്ചു ഫൂലന്‌. അന്ധവിശ്വാസങ്ങളുടെ വിളനിലമായ ഗ്രാമം പക്ഷേ ഫൂലനെ സ്വീകരിക്കാന്‍ മടിച്ചു. പന്ത്രണ്ടുവയസ്സായ കൊച്ചുഫൂലനെ വേശ്യയെന്നു വിളിക്കാന്‍ ഗ്രാമവാസികള്‍ക്ക്‌ മടിയുണ്ടായിരുന്നില്ല. വീട്ടുക്കാര്‍ക്ക്‌ ഫൂലന്‍ ഒരു തുണയായിരുന്നു. അസാമാന്യ ധൈര്യമുള്ള ഒരു പെണ്‍കുട്ടി. കൊച്ചനിയന്‌ അവള്‍ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന കൊച്ചു ചേച്ചി.

ദാരിദ്ര്യത്തില്‍ പിറന്ന അവര്‍ണജാതിയില്‍പ്പെട്ട നിഷ്‌കളങ്കയും നിരാലംബയുമായ പെണ്‍കുട്ടി.അവർ രാജ്യത്തെ വിറപ്പിച്ച കൊളളക്കാരിയായതെങ്ങിനെ ?
ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഉടന്‍ ഫൂലനെ ചമ്പല്‍ക്കൊള്ളക്കാര്‍ ബലാത്സംഗം ചെയ്തു.
പിന്നീട് ചമ്പല്‍ക്കൊള്ളക്കാരുടെ കൂടെയായി ഫൂലന്റെ ജീവിതം.20 വയസ്സായപ്പോഴേക്കും സ്വന്തമായി ഒരു കൊള്ളസംഘത്തെ നയിക്കാന്‍ ഫൂലന്‍ പ്രാപ്തയായി. സ്വന്തം ജീവിതത്തില്‍ ജാതിയുടെ പേരില്‍ ഫൂലന്‍ ഒട്ടനവധി പീഡനങ്ങള്‍ അനുഭവിച്ചു. ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ശാരീരിക പീഡനങ്ങള്‍ക്കും പല തവണ ഫൂലന്‍ ഇരയായി.

കൊള്ളക്കാര്‍ക്ക് വിറ്റ് ബന്ധുവിന്റെ പകവീട്ടല്‍…! ഫൂലന്റെ പിതാവിന് വലിയ വേപ്പുമരം നില്‍ക്കുന്ന ഒരേക്കര്‍ ഭൂമിയുണ്ടായിരുന്നു. തന്റെ പെണ്മക്കളില്‍ ഒന്നിന്റെ വിവാഹം ആ മരം വെട്ടിവിറ്റ് നടത്താമെന്നായിരുന്നു അയാളുടെ കണക്കുകൂട്ടല്‍. എന്നാല്‍ കുടുംബത്തിന്‍റെ ഭൂമി ഫൂലന്‍റെ മാതുലന്‍റെ മകന്‍ മായദീന്‍ കൈയേറി. മായദീനെതിരെ ഫൂലന്‍ ദേവി പരാതികൊടുത്തു. സവര്‍ണ സൗഹൃദവും സമ്പത്തുമുണ്ടായിരുന്ന ബന്ധു കള്ളക്കേസില്‍ ഫൂലനെ കുടുക്കി. ഒരു മാസം പൊലീസ്‌ കസ്റ്റഡിയില്‍ കഴിഞ്ഞ ഫൂലന്‍ വീട്ടില്‍ തിരിച്ചെത്തിയത്‌ ജീവനുള്ള ശവമായിട്ടായിരുന്നു. മര്‍ദ്ദനമേറ്റും കൂട്ടബലാത്സംഗത്താലും അവള്‍ അവശയായിരുന്നു.

കാര്യങ്ങള്‍ അവിടം കൊണ്ടു തീര്‍ന്നില്ല. പകവീട്ടലിനിടയ്ക്ക് ബന്ധങ്ങള്‍ക്ക് സ്ഥാനമുണ്ടായില്ല. ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്ത്‌ തമ്പടിച്ചിരുന്ന ബാബു ഗുജാറെന്ന കൊള്ളക്കാരന്‌ ചോദിച്ച പൈസ കൊടുത്ത്‌ ഫൂലനെ ഗ്രാമത്തില്‍ നിന്ന്‌ തട്ടിക്കൊണ്ടു പോകാന്‍ ഇയാള്‍ ഏര്‍പ്പാടാക്കി. ഒരു ദിവസം അര്‍ദ്ധരാത്രി ബാബു ഗുജാറിന്റെ സംഘാംഗങ്ങള്‍ ഫൂലനെ തട്ടിക്കൊണ്ടുപോയി സംഘത്തലവന്‌ കാഴ്ച വച്ചു. പീഡനപരമ്പരയുടെ മൂന്നാം ദിവസം, അത് കണ്ടുനില്‍ക്കാന്‍ കഴിയാതെ ഗുജാറിന്‍റെ സംഘത്തില്‍ തന്നെയുള്ള വിക്രം മല്ല തന്‍റെ നേതാവിനെ വെടിവച്ചുകൊന്നു.
തുടര്‍ന്ന്‌ വിക്രം മല്ല ഭാര്യയായി സീകരിച്ചതോടെ ഫൂലന്‍ കൊള്ളസംഘത്തിലെ ഒരംഗമായി. പിന്നീട് ചമ്പല്‍ക്കൊള്ളക്കാരുടെ കൂടെയായി ഫൂലന്റെ ജീവിതം. രാജാവിനെപ്പോലെ കൊള്ളക്കാര്‍ ബഹുമാനിക്കുന്ന തലവന്റെ ഭാര്യ‌. സവര്‍ണനായ ബാബു ഗുജാറിനെ കൊന്ന്‌ ഒരു അവര്‍ണനായ വിക്രം മല്ല കൊള്ളസംഘം ഭരിക്കുന്നത്‌ അവരുടെ കൂടെത്തന്നെയുണ്ടായിരുന്ന സവര്‍ണര്‍ക്ക്‌ രുചിച്ചില്ല. ബ്രാഹ്‌മണര്‍ക്ക്‌ തൊട്ടുതാഴെ സ്ഥാനമുള്ള താക്കൂര്‍മാരെ വിക്രം മല്ല ഭരിക്കുന്നത് സഹിക്കാന്‍ കഴിയാതെ ചതിയില്‍ അയാളെയും കൊലപ്പെടുത്തി.
മല്ല മരിച്ചതോടെ ഫൂലന്‍ നിരാശ്രയയായി. ഫൂലനെ അവര്‍ ബന്ദിയാക്കി. 21 രാത്രിയും പകലും താക്കൂര്‍മാര്‍ അവളെ ബലാല്‍സംഗം ചെയ്തു. മരിക്കുമെന്ന്‌ കരുതി കാട്ടിലുപേക്ഷിച്ചു. ഗ്രാമത്തിലെ പൂജാരിയുടെ സഹായത്തോടെ ഫൂലന്‍ രക്ഷപ്പെട്ടു. തുടര്‍ന്ന്‌ തനിക്കൊത്ത ഒരു കൊള്ളക്കാരനെ കണ്ടുകിട്ടിയതോടെ, ഫൂലന്‍റെ ഉള്ളില്‍ അണയാതെ സൂക്ഷിച്ചിരുന്ന പ്രതികാരം ആളിക്കത്തി. പ്രതികാര നിര്‍വഹണത്തിന്‌ പതിനേഴ്‌ മാസം കാത്തിരിക്കേണ്ടിവന്നു ഫൂലന്‍ ദേവിക്ക്‌. അതിനിടെ ആയോധന കലയില്‍ പ്രാവീണ്യമുള്ള കുറച്ചുപേരെകൂടി ചേര്‍ത്ത്‌ അവള്‍ സംഘം ശക്തമാക്കി. കുഗ്രാമത്തിലെ പെണ്‍കുട്ടിയില്‍ നിന്നും പ്രതികാരദുര്‍ഗ്ഗയായവള്‍ ഉയര്‍ന്നു. അവളുടെ പ്രതികാരാഗ്നി താമസിയാതെ തങ്ങളേയും ചുട്ടുചമ്പലാക്കുമെന്ന് അവളെ ഉപദ്രവിച്ചവര്‍ കരുതിയില്ല.
വെടിയുണ്ടകള്‍ കണക്കു തീര്‍ക്കുന്നു…! ഒരു ഫെബ്രുവരി 14. ചന്ദ്രബിബം മുഖം നോക്കുന്ന യമുനാനദിയുടെ കരയില്‍ ഒരു 20 വയസുകാരി സുന്ദരി കാത്തുനില്‍ക്കുന്നു. തന്റെ കാമുകനെയോ ഭര്‍ത്താവിനെയോ അല്ല അവള്‍ കാത്തു നില്‍ക്കുന്നത്. യൌവനസ്വപ്നങ്ങള്‍ തിളച്ചു മറിയേണ്ട സ്ഥാനത്ത് ആ മനോഹരമായ കണ്ണുകളില്‍ ഒരേ ഒരു ഭാവമാണ് ഉണ്ടായിരുന്നത് – പ്രതികാരം!
പച്ച മിലിട്ടറിജാക്കറ്റും പാന്‍റും. തോളൊപ്പം മുറിച്ചു നിര്‍ത്തിയ മുടി. കയ്യില്‍ തീ തുപ്പാന്‍ തയ്യാറായി നിറതോക്ക്. നെഞ്ചിനു കുറുകേ പിണഞ്ഞു കിടക്കുന്ന ബുള്ളറ്റ് മാലകള്‍.നിശബ്ദതയെ ഭഞ്ജിച്ച് ഒരു ചൂളംവിളി മുഴങ്ങി. ആയുധധാരികളായ ഇരുപതോളം യുവാക്കള്‍ കുതിരപ്പുറത്ത് അവിടെ പാഞ്ഞെത്തി. അവളുടെ നിര്‍ദ്ദേശപ്രകാരം ആ സംഘം മൂന്നായി പിരിഞ്ഞ് നദി കടന്ന് ഗ്രാമത്തിലേക്ക് നീങ്ങി. ഗ്രാമത്തില്‍ നിന്ന് വെടിയൊച്ചയും നിലവിളിയും ഉയര്‍ന്നു. തന്നെ പിച്ചിച്ചീന്തിയവര്‍ക്ക് വെടിയുണ്ടകള്‍ കൊണ്ട് മറുപടി നല്‍കിയ ശേഷം അവള്‍ വീണ്ടും കാട്ടിലേക്ക് കയറി. ഗ്രാമത്തിന്റെ നിഷ്കളങ്കതയില്‍ നിന്നും വന്യഭാവത്തിലേക്കുള്ള ഒരു പെണ്‍കുട്ടിയുടെ മാറ്റം.
മറ്റൊരു രാത്രി. ഗ്രാമത്തിന്റെ സ്വച്ഛതയെയും നിശബ്ദതയെയും തകര്‍ത്ത് നിരവധി വെടിയൊച്ചകള്‍ ഉയര്‍ന്നു. ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച്‌ പുറത്തുവന്ന ഫൂലന്‍ പഴക്കവും തഴക്കവും വന്ന കൊള്ളക്കാരിയെപ്പോലെ ഒരു മെഗാഫോണ്‍ പുറത്തെടുത്ത്‌ അലറി. “ശ്രദ്ധിക്കുക. നിങ്ങള്‍ക്ക്‌ ജീവനില്‍ പേടിയുണ്ടെങ്കില്‍ കൈയ്യിലുള്ള പൈസയും സ്വര്‍ണ്ണവും വെള്ളിയും ഞങ്ങള്‍ക്ക്‌ കൈമാറുക. എന്നെ കൂട്ട ബലാല്‍സംഗം ചെയ്ത ദുഷ്ടന്മാരെയും ഞങ്ങള്‍ക്ക്‌ കൈമാറുക. ഇത്‌ ചെയ്യുന്നില്ലെങ്കില്‍ മറുപടി വെടിയുണ്ടകള്‍ കൊണ്ടായിരിക്കും. പറയുന്നത് ഫൂലന്‍ദേവി. ജയ്‌ ദുര്‍ഗ്ഗാമാതാ..“
ഫൂലന്‍ദേവിയുടെ സംഘം ഗ്രാമത്തെ തച്ചുതകര്‍ത്തു. കൊള്ളയടിച്ച്‌ നശിപ്പിച്ചു. പക്ഷേ ഫൂലന്‍ദേവി അന്വേഷിച്ചിരുന്നവരെ അവര്‍ക്ക്‌ കിട്ടിയില്ല. കൈയില്‍ കിട്ടിയ പുരുഷന്മാരെയെല്ലാം ഫൂലന്‍ ഒന്നിച്ചു ചേര്‍ത്തുനിര്‍ത്തി. അവസാനമായി ഒരു പ്രാവശ്യം കൂടി പറഞ്ഞു. “എനിക്കറിയാം, നിങ്ങളവരെ ഒളിപ്പിച്ചിരിക്കുകയാണെന്ന്. അവരെ എനിക്ക്‌ കൈമാറുക”.
പ്രതികരണമുണ്ടായില്ല. ഫൂലന്‍ തോക്കിന്‍തുമ്പില്‍ അവരെ നിരത്തി. നിര്‍ദാക്ഷിണ്യം അവരുടെ നാഭിയില്‍ തൊഴിച്ചു. പിടഞ്ഞു വീണ അവര്‍ക്കു നേരെ തോക്ക് ഉയര്‍ന്നു. ഫൂലന്‍ നിറയൊഴിക്കാന്‍ തുടങ്ങി. ഗ്രാമത്തെ രക്തത്തില്‍ കുളിപ്പിച്ച് നിരവധി തോക്കുകള്‍ ഒരേപോലെ ശബ്ദിച്ചു.
1981ല്‍ ഉത്തര്‍പ്രദേശിലെ ബെഹ്‌മായി എന്ന ഉയര്‍ന്ന ജാതിയില്‍ പെട്ട 22 പേരെ ഒരുമിച്ച് വെടിവച്ച് കൊന്നതോടെ ഫൂലന്‍ കുപ്രസിദ്ധിയുടെ ഉയരങ്ങളിലെത്തി. ഉയര്‍ന്ന ജാതിയില്‍ പെട്ട സമ്പന്നരില്‍ നിന്നും പണം കൊളളയടിക്കുക; പിന്നീട് താഴ്ന്ന ജാതിയില്‍ പെട്ട പാവങ്ങള്‍ക്ക് അത് വിതരണം ചെയ്യുക – ഇതിലൂടെ സാധാരണക്കാര്‍ക്കിടയില്‍ ഫൂലന്‍ പെട്ടെന്ന് പ്രിയങ്കരിയായി. ഫൂലന്‍ എന്ന് കേള്‍ക്കുമ്പോള്‍ സമ്പന്നര്‍ ഞെട്ടിവിറച്ചു. ഇരുട്ടിന്റെ മറപറ്റി കുതിരക്കുളമ്പടികള്‍ മുഴങ്ങുന്നുണ്ടോയെന്ന് കാതോര്‍ത്ത് ചങ്കിടിപ്പോടെ അവര്‍ കിടന്നു. 22 പേരാണ്‌ അന്ന് ബെഹ്‌മി ഗ്രാമത്തില്‍ മരിച്ചുവീണത്‌. അതിന്റെ മുഴക്കം ഇന്ദ്രപ്രസ്ഥത്തില്‍ പ്രതിധ്വനിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചു.
ഇന്ത്യന്‍ ഭരണകൂടം പുതിയ വഴി തേടി. ഫൂലന്‌ മാപ്പുകൊടുക്കാന്‍ തയ്യാറാണെന്ന്‌ ഇന്ത്യന്‍ ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചു. വെറും എട്ടുവര്‍ഷത്തെ തടവുശിക്ഷ മാത്രം. ഫൂലന്‍ വ്യവസ്ഥകള്‍ അംഗീകരിച്ചു. 1983 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം ഭിണ്ട്‌ ജില്ലാ പോലീസ്‌ സുപ്രണ്ട്‌ രാജേന്ദ്ര ചതുര്‍വേദിയും അര്‍ജ്ജുന്‍ സിംഗും ഉയര്‍ന്ന ഉദ്യോഗസ്ഥരും പിന്നെ പതിനയ്യായിരത്തോളം വരുന്ന ആരാധകവൃന്ദവും ഒരു മൈതാനത്ത് കാത്തു നിന്നു. മധ്യപ്രദേശിലെ ചമ്പല്‍ വാലിയിലെ നിബിഡവനത്തില്‍ നിന്ന്‌ ഒരു സംഘമിറങ്ങിവരികയാണ്‌. പരുക്കന്‍ വസ്‌ത്രങ്ങളണിഞ്ഞ്‌ ആയുധങ്ങളുമേന്തി പന്ത്രണ്ട്‌ പുരുഷന്മാര്‍, അവര്‍ക്കു മുന്നില്‍ വഴിക്കാട്ടിയെന്ന വണ്ണം അരയില്‍ കഠാരയും കൈയില്‍ സ്റ്റെന്‍ ഗണ്ണും തോളില്‍ തൂക്കിയിട്ട ബുള്ളറ്റ്‌ ബെല്‍റ്റുമായി ഒരു സുന്ദരി. പോലീസ്‌ സുപ്രണ്ടിന്‍റെ യൂണിഫോമായിരുന്നു ഫൂലന്‍ദേവിയുടെ വേഷം. യൂണിഫോമിന്‍മേലെ ഒരു ചുവന്ന ഷാള്‍, കൈത്തണ്ടയില്‍ ഓരോ വെള്ളിവളയം, പിന്നെ നെറ്റിയില്‍ വലുതാക്കി തൊട്ടിരിക്കുന്ന ചുവന്ന പൊട്ട്‌. വേദിയില്‍ ഭയത്തോടെ പകച്ചുനിന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി ആ രാജ്ഞി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ കാലില്‍ തൊട്ടു നമസ്കരിച്ച് ആയുധം വച്ചു കീ‍ഴടങ്ങി.
തൂക്കിക്കൊല്ലില്ലെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് 1983ലാണ് ഫൂലന്‍ ആയുധം വച്ച് കീഴടങ്ങിയത്. ഫൂലന്റെ കൂടെയുള്ളവര്‍ക്ക് എട്ടുവര്‍ഷത്തിലധികം തടവുശിക്ഷ നല്കില്ലെന്നും കരാറുണ്ടാക്കിയിരുന്നു.12 വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഫൂലന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായി. 1996ല്‍ ഫൂലന്‍ ദേവി മിര്‍സാപൂരില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും ലോക്സഭയിലെത്തി.തൊഴില്‍ ക്ഷേമ സമിതിയില്‍ അംഗവുമായിരുന്നു ഫൂലന്‍. എംപിയായതിനു ശേഷം ജനസേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകി പുതിയൊരു ജീവിതത്തിന്റെ താളം വീണ്ടെടുക്കുകയായിരുന്നു ഫൂലന്‍. എംപിയായതിനു ശേഷം അവര്‍ക്ക് എല്ലാവരും മിത്രങ്ങളായിരുന്നു.
ഫൂലന്‍ദേവിയുടെ ജീവിതകഥയെ ആസ്പദമാക്കി ശേഖര്‍കപൂര്‍ സംവിധാനം ചെയ്ത ‘ബാന്‍ഡിറ്റ് ക്വീന്‍’ എന്ന സിനിമ ഫൂലന് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. സിനിമയില്‍ സീമാ ബിശ്വാസ് ആണ് ഫൂലന്റെ വേഷത്തില്‍ അഭിനയിച്ചത്. സിനിമയ്ക്കു ശേഷം ഫൂലന്‍ ബാന്‍ഡിറ്റ് ക്വീന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. സാമൂഹികപ്രവര്‍ത്തനങ്ങളും മറ്റുമായി ഫൂലന്‍ പുതിയ ജീവിതത്തില്‍ മുഴുകി. എല്ലാവരെയും മിത്രങ്ങളാക്കി മാറ്റി. പക്ഷേ അവിടെ അവര്‍ക്ക് ചുവടുപിഴച്ചു. ഭൂതകാലത്തിന്റെ കരിനിഴലുകള്‍ അവരെ വേട്ടയാടിക്കൊണ്ടിരുന്നു.2001 ജൂലൈ രണ്ട് ബുധനാഴ്ച. എം പിമാരുടെ അശോകാ റോഡിലുള്ള ക്വാര്‍ട്ടേഴ്സ്. മാരുതി കാറിലെത്തിയ മൂന്നംഗസംഘം ഫൂലന് നേരെ നിറയൊഴിച്ചു. വെടിവച്ച അഞ്ജാത സംഘം പിന്നീട് ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം അകലെയുള്ള അശോകമാര്‍ഗ്ഗിലെ ഔദ്യോഗിക വസതിക്കുമുന്നിലാണ് അവര്‍ വെടിയേറ്റു മരിച്ചുവീണത്.
താനാണ് ഫൂലനെ കൊന്നതെന്ന് ഷേര്‍സിംഗ് റാണ…! 1981ല്‍ ഫൂലന്‍ ബെഹ്‌മായികളെ വധിച്ചതിനുള്ള പ്രതികാരമായിട്ടാണ് താന്‍ ഫൂലന്‍റെ ജീവനെടുത്തതെന്ന് ഷേര്‍സിംഗ് റാണ പറഞ്ഞതായി ഉത്തരാഞ്ചല്‍ പൊലീസ് വെളിപ്പെടുത്തി. കൃത്യം നടത്തുന്ന സമയത്ത് തനിക്ക് രണ്ട് കൂട്ടാളികളുണ്ടായിരുന്നതായി ഷേര്‍സിംഗ് റാണ സമ്മതിച്ചു. അതില്‍ ഒരാള്‍ മീററ്റുകാരനായ ബന്ധു രവീന്ദര്‍ സിംഗ് ആണെന്നും അയാള്‍ പറഞ്ഞു. 22 ബെഹ്‌മായികളെ ഫൂലന്‍ദേവിയും സംഘവും കൊലപ്പെടുത്തുമ്പോള്‍ ആ ഗ്രാമത്തിലെ ഒരു കുട്ടിയായിരുന്നു താനെന്നും റാണ പറഞ്ഞു. തനിക്ക് ജീവിതത്തില്‍ രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു – ഒന്ന് ഫൂലന്‍ ദേവിയെ വധിക്കുക, രണ്ട് പൃഥ്വിരാജ് ചൗഹാന്റെ സ്മാരകം അഫ്ഗാനിസ്ഥാനിലെ ഖാണ്ഡഹാറില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുക.
എന്നാല്‍ ഫൂലന്‍ദേവിയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ ഷേര്‍സിംഗ് റാണയുടെ അതേ പേരില്‍ മറ്റൊരാള്‍ കൊലപാതകം നടന്ന ദിവസം ഹഡ്വാര്‍ ജയിലിലുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടി. ഇതോടെ ഫൂലന്‍ വധത്തിന് പിന്നില്‍ കൂടുതല്‍ വിപുലമായ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് സംശയമുയര്‍ന്നു. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അജയ്‌രാജ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.
തന്റെ വംശത്തിലെ നിരപരാധികളെ നിര്‍ദ്ദയം വെടിവെച്ച് വീഴ്ത്തിയ കൊള്ളക്കാരി ഫൂലന്‍‌ദേവിക്ക് ഷേര്‍ സിംഗ് റാണ എന്ന രജപുത്രന്‍ നല്‍കിയ വധശിക്ഷയായിരുന്നുവോ ആ മരണം? അതോ രാഷ്ട്രീയക്കളികളും സ്വത്തിനു വേണ്ടിയുള്ള ചരടുവലികളും ഫൂലന്‍ ‌ദേവി എം പി എന്ന നൂറുകോടി സ്വത്തിന്റെ ഉടമയുടെ മരണത്തിനു പിന്നിലുണ്ടോ? ഒന്നു മാത്രം ഉറപ്പ്, ആ മരണത്തിനു പിന്നിലുള്ള രഹസ്യങ്ങള്‍ പുറത്തു വരരുതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആരാണ് ആ ചമ്പല്‍റാണിയുടെ രക്തത്തിനു കൊതിച്ചിരുന്നത് ??? ഈ ചോദ്യം ഇന്നും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു…!
വിശദമായ വായനക്ക് ഞാൻ ഫൂലൻ ദേവി എന്ന ആത്മകഥ വായിക്കാം … ദാരിദ്ര്യത്തില്‍ പിറന്ന അവര്‍ണജാതിയില്‍പ്പെട്ട പെണ്‍കുട്ടി. നിഷ്‌കളങ്കയും നിരാലംബയുമായ അവളെ രാജ്യത്തെ വിറപ്പിച്ച കൊളളക്കാരിയാക്കി മാറ്റിയതാരെന്ന് പറയുകയാണ് ഞാന്‍ ഫൂലന്‍ ദേവി എന്ന പുസ്തകം. ചമ്പല്‍ക്കാടുകളില്‍ തേരോട്ടം നടത്തിയ ഫൂലന്‍ദേവിയുടെ ജീവിതം അവരുടെ തന്നെ വാക്കുകളില്‍ അനുഭവിച്ചറിയാം.അതിതീവ്രമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയ അവരുടെ വാക്കുകളില്‍ ചോര പൊടിയുന്നുണ്ട്. സമൂഹത്തിന്റേയും വ്യവസ്ഥിതിയുടേയും ക്രൂരതകളില്‍ ചവിട്ടിയരക്കപ്പെട്ട ജീവിതം പ്രതികാരത്തിന്റെ ദുര്‍ഗാരൂപം പൂണ്ടതെങ്ങനെയെന്നു ഫൂലന്‍ദേവി പറയുന്നു. ആത്മകഥനങ്ങളില്‍ ഉളളുലയ്ക്കുന്ന ഒരു അനുഭവമായി മാറുന്നു ഞാന്‍ ഫൂലന്‍ദേവി.
വിവരങ്ങൾക്ക് കടപ്പാട്:Google,I Phoolan Devi,‎ Shihad Mohammed‎.