Tuesday, June 12, 2018

അറയ്ക്കലെ വിശേഷങ്ങൾ

അറയ്ക്കലെ വിശേഷങ്ങൾ


അറക്കൽ രാജവംശം! അതിൻറെ സത്യസന്ധമായ ചരിത്രം ഇന്നും അവ്യക്തതയോടെ കിടക്കുകയാണ്. കേരളത്തിലെ ചരിത്രപഥത്തിൽ ശ്രദ്ധേയമായ ഒരു സജീവ യാഥാർത്ഥ്യമായിരുന്നു ഒരുകാലത്ത് അറക്കൽ രാജവംശം. പെരുമാക്കന്മാരും, കോലത്തിരിയും, സാമൂതിരിയും, ഇംഗ്ലീഷുകാരും, ഡച്ചുകാരും, ഹൈദരലിയും, ടിപ്പുസുൽത്താനും, ഫ്രാൻസിസ് ബുക്കാനിനും ഹാമിൽട്ടണും ഗുണ്ടർട്ടും ശൂരനാടും ഇളംകുളവും ചിറക്കൽ ടിയുമൊക്കെ ചിനക്കിച്ചികഞ്ഞ ചരിത്രമതിനുണ്ട്.
കെട്ടുകഥകളും ചരിത്ര ശകലങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ആ അവ്യക്തയിൽനിന്ന് ചിലത് അവതരിപ്പിക്കട്ടെ.
കണ്ണൂർ എന്നാണ് കാനന്നൂരിൻെറ ശരിയായ പേര് . ഈ സ്ഥലം ഡച്ചുകാരിൽ നിന്നും കണ്ണൂർ ബീവിയുടെ മുൻഗാമികൾ വിലക്ക് വാങ്ങിയതാണ്. ഈ സംഭവത്തിൽ മുമ്പ് കണ്ണൂർ ബീവിയുടെ കുടുംബം അത്രയും പ്രശസ്തമായിരുന്നില്ല. അവർ തികച്ചും ചിറക്കൽ രാജാക്കന്മാരുടെ ആശ്രിതന്മാരായിരുന്നു. കീഴടക്കുവാൻ ഒക്കാത്തതെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ കോട്ടയുടെ ആധിപത്യം കിട്ടിയതോടെയാണ് ഈ രാജകുടുംബം ശക്തി നേടിയതും മലബാറിലെ മാപ്പിളമാരുടെ മുഴുവൻ നേതൃത്വത്തിലേക്ക് അവരോധിക്കപ്പെട്ടതും. മലബാറിൽ ഈ മുസ്ലിം രാജകുടുംബത്തിന് അധികാരം കൈവന്ന സാഹചര്യങ്ങളെപ്പറ്റി പരസ്പര വിരുദ്ധമായ പല അഭിപ്രായങ്ങളും ചരിത്രകാരന്മാർക്കിടയിൽ ഉണ്ട്.
ക്രിസ്ത്വബ്ദം പതിനാലാം നൂറ്റാണ്ടിലെ അന്ത്യദശയിൽ ഏഴിമലയിലെ കോലത്തിരി രാജധാനിയുടെ തന്ത്രപരമായ പ്രാധാന്യം മിക്കവാറും അസ്തംഗതമായ അവസരത്തിലായിരുന്നു കണ്ണൂരിലെ അറക്കൽ മാപ്പിള രാജവംശം സ്ഥാപിതമായത്. കോലത്തിരിയുടെ 5 മന്ത്രി പ്രമാണിമാരിൽ ഒരാളും കപ്പൽപ്പടയുടെ നേതാവുമായിരുന്ന രാമന്തളി അരയൻകുളങ്ങര നായർ തറവാട്ടിലെ ഒരാൾ ഇസ്‌ലാം മതത്തിൽ ചേർന്നു മുഹമ്മദാലി അഥവാ മമ്മാലി ആയിത്തീർന്നു. എന്നാലും അദ്ദേഹം കോലത്തിരിയുടെ ആസ്ഥാനത്തിൽ മന്ത്രിയായി തന്നെ പ്രവർത്തിച്ചുപോന്നു.
ഒരവസരത്തിൽ അദ്ദേഹം ഏഴുമല പുഴയിൽ കുളിച്ചു കൊണ്ടിരിക്കെ, പുഴയുടെ കരയിൽ കെട്ടിയിറക്കിയിട്ടുള്ള കുളിപ്പുരയിൽ നിന്ന് നീന്തി നടുപ്പുഴയിൽ എത്തിയ ഒരു കോലത്തിരി തമ്പാട്ടി മുങ്ങി മരിക്കാറായത് കാണുകയും പുഴയിൽ ചാടി നീന്തി തമ്പാട്ടിയെ കരയിൽ കയറ്റി രക്ഷിക്കുകയും ചെയ്തു. ജാതിഭ്രഷ്ടായി ത്തീർന്ന തമ്പാട്ടിയെ കോലത്തിരിയുടെ കല്പന പ്രകാരം മമ്മാലി വിവാഹം ചെയ്തു. ആ തമ്പാട്ടിക്ക് സ്ത്രീധനമായി കോലത്തിരി തമ്പുരാൻ ഏഴിമലയിലും മാടായിയിലും മറ്റുമുള്ള നെൽപ്പാടങ്ങൾ പലതും, കണ്ണൂരിൽ പല പ്രദേശങ്ങളും അവിടെത്തന്നെ ഒരു കൊട്ടാരവും നൽകുകയുണ്ടായി. കൊട്ടാരത്തിന് അറക്കൽ കെട്ട് എന്ന പേരും നൽകി. ആ തമ്പാട്ടിക്ക് അറക്കൽ ബീവി എന്ന സ്ഥാനപ്പേരും നൽകി.
മമ്മാലി എന്ന അറക്കൽ സുൽത്താനും അദ്ദേഹത്തിൻറെ പിന്തുടർച്ചക്കാരായവരും 'മമ്മാലിക്കിടാവുകൾ' എന്ന പേരിൽ കോലത്തിരിയുടെ പാരമ്പര്യ മന്ത്രിമാരായി തന്നെ സേവനമനുഷ്ഠിച്ചു പോന്നു. കോലത്തിരിയുടെ കാര്യാലോചന യോഗങ്ങളിൽ മമ്മാലിക്കിടാവുകൾക്ക് പ്രാധാന്യമുണ്ടായിരുന്നു . തദവസരങ്ങളിൽ അതതുകാലത്തെ അറക്കൽ സുൽത്താൻ അദ്ദേഹത്തിൻറെ അധികാരചിഹ്നമായ ഊരിയവാൾ പെട്ടിയുടെ മേൽ കുത്തി നിർത്താറുണ്ടായിരുന്നു. അതിൻറെ അർത്ഥം കോലത്തിരി ഏതുകാര്യം നിർവഹിക്കണമെന്ന് നിശ്ചയിച്ചാലും അതിലേക്ക് ചെലവിനുള്ള ദ്രവ്യം താൻ ഉണ്ടാക്കി കൊള്ളാം എന്നായിരുന്നുവത്രേ. അറയ്ക്കൽ വംശത്തിലെ അഞ്ചാമത്തെ മൂപ്പനായ ആലി മൂസയുടെ കാലത്ത് ആ കുടുംബത്തിന് പൂർവാധികം പേരും പെരുമയും നേടുവാൻ കഴിഞ്ഞു .
ആലിമൂസ A.D 1550-ൽ കോലത്തിരിക്ക് ലക്ഷദ്വീപുകളിൽ അധീനമായിരുന്ന അഗത്തി, കവറത്തി, ആന്ത്രോത്ത് , കൽപേനി, മിനിക്കോയ് എന്നീ ദ്വീപുകൾക്ക് പുറമേ 6 ദ്വീപുകൾ കൂടി അധീനപ്പെടുത്തുകയുണ്ടായി. ഇതിന് പാരിതോഷികം എന്ന നിലയിൽ കോലത്തിരി അറക്കൽ കൊട്ടാരത്തിലേക്ക് കണ്ണൂർ നഗരം മുഴുവനും കണ്ണോത്തുംചാൽ എന്ന പ്രദേശവും അറക്കൽ 'ആദിരാജ' എന്ന സ്ഥാനവും നൽകി. കണ്ണൂരിലെ ആദിരാജാവിന് കോലത്തിരിയുടെ ഏത് യുദ്ധത്തിനും 20,000 മാപ്പിള പടയാളികളെ അയച്ചുകൊടുക്കാനുള്ള ശക്തിയുണ്ടായിരുന്നു, എന്ന് ഹാമിൽട്ടൺ രേഖപ്പെടുത്തിയിട്ടുണ്ട്. ആദിരാജ എന്ന സ്ഥാനപ്പേർ അറക്കൽ കൊട്ടാരത്തിൽ കാരണവർ സ്ഥാനത്ത് വരുന്ന സ്ത്രീ-പുരുഷന്മാർ എല്ലാം ഒരുപോലെ ഉപയോഗിക്കുകയാണ് പതിവ്. സ്ത്രീയാണെങ്കിൽ അറക്കൽ ബീവി ആദിരാജ എന്നായിരിക്കും സ്ഥാനം. കോലത്തുനാട്ടിലെ മാപ്പിള സമുദായത്തിൻറെയും എല്ലാ മുസ്ലീം പള്ളികളുടെയും നീതിനിർവഹണാധികാരം കൈവന്നതോടുകൂടി അറക്കൽ കൊട്ടാരം ഉത്തര കേരളത്തിലെ പ്രബല രാഷ്ട്രീയ ശക്തിയായിത്തീർന്നു.
കണ്ണൂർ പ്രദേശം അറക്കൽ വാഴ്ചയിൽ കീഴിൽ ആയതോടുകൂടി അവിടെ നൽകപ്പെട്ട പ്രത്യേക ആനുകൂല്യങ്ങളുടെ ഫലമായി ഒട്ടേറെ മാപ്പിള കുടുംബങ്ങൾ സ്ഥിരതാമസം തുടങ്ങി. തൽഫലമായി കണ്ണൂരിൽ കോലത്തിരിയുടെ അധികാരം ക്രമേണ ചുരുങ്ങിവന്നു. മാത്രമല്ല അവിടെ സ്ഥിരതാമസക്കാരായ ബ്രാഹ്മണരും നായന്മാരും കോലത്തുനാട്ടിൽ മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പാർത്തു. 14 ഇല്ലക്കാരായ കണ്ണൂർ തയ്യിലെ നായന്മാർ മുഴുവനും പള്ളിക്കുന്നിലേക്കാണ് താമസം മാറ്റിയത്.
അറക്കൽ പുരുഷപ്രജയെ 'കോയ' എന്നും സ്ത്രീകളെ 'ബീവി' എന്നും വിളിച്ചുവന്നു. പെണ്ണ് കാരണവത്തിയായാൽ അവരെ 'പെറ്റ' എന്നാണ് പറഞ്ഞുപോന്നത്. കാരണവരെ ബഹുമാനസൂചകമായി 'ലബൈക്ക' എന്ന് അഭിസംബോധന ചെയ്യാറുണ്ടായിരുന്നു. (തിരുമേനി,തമ്പുരാനെ എന്നൊക്കെയാണ് ഈ അറബ് പദത്തിൻെറ അർത്ഥം) കണ്ണൂർ സിറ്റിയിലെ മുസ്ലീം തറവാടുകളിൽ ഏറ്റവും പ്രശസ്തമായ വലിയകത്തെ പുരുഷന്മാരുടെ പേരോടൊപ്പം കുട്ടി അല്ലെങ്കിൽ കുഞ്ഞ് എന്ന പദം ചേർത്ത് വിളിക്കാറുണ്ട് .ഇത് സ്ത്രീകൾക്കും ബാധകമാണ്.
പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനകാലത്ത് ലാൻഡ് സർവേ നടന്നപ്പോൾ അറയ്ക്കലെ പല തറവാട്ടുകാരും തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമി തങ്ങളുടെ സ്വന്തം ജന്മമാണെന്ന് അധികാരികളെ അറിയിച്ചു. അവരെല്ലാം ആ നിലയിൽ 'ജന്മക്കാർ' ആയി. അങ്ങനെ പറയാത്തവരുടെ ഭൂസ്വത്തുക്കളുടെ ജന്മാവകാശം അറയ്ക്കലിനുള്ളതായി.
അറയ്ക്കൽ രാജവംശത്തിന് കീഴിലുള്ള താവഴികൾ അഥവാ തറവാട്ടുകാർ ശക്തിപ്പെട്ടുവന്നു. തറവാട്ടുകാർക്ക് 'അകത്തുകാനത്ത്' എന്ന ഒരു പ്രത്യേക അവകാശം അറക്കൽ രാജാവ് അനുവദിച്ചിരുന്നു. അതനുസരിച്ച് തറവാട്ടുകാരുടെ വീടുകളിൽ കല്യാണമുണ്ടായാൽ കാനത്ത് അഥവാ നിക്കാഹ് കർമ്മം നടത്താൻ ഖാസി അഥവാ ഖത്തീബ് അവരുടെ വീടുകളിൽ ചെല്ലും.
തറവാട്ടുകാർ അല്ലാത്തവർക്ക് പള്ളിയിൽവച്ച് മാത്രമാണ് കാനത്ത്. അകത്ത് കാനത്ത് തങ്ങൾക്ക് കൈവന്ന വലിയൊരു അവകാശമായും ബഹുമതിയായും തറവാട്ടുകാർ കരുതിപ്പോന്നിരുന്നു.
കാലാന്തരത്തിൽ അറയ്ക്കൽ രാജവംശം കൂടുതൽ കൂടുതൽ ദുർബലമായി വന്നപ്പോൾ 101 പണം ( പിൽക്കാലത്ത് 101 രൂപ) രാജാവിനെ ഏൽപ്പിച്ചാൽ ആർക്കും അകത്തുകാനത്തിന് അനുവാദം കൊടുത്തിരുന്നു എന്നാണറിവ് . എവിടെ കല്യാണമുണ്ടായാലും അതിന് ആദ്യമായി അറയ്ക്കലിൽ ചെന്ന് അനുവാദം വാങ്ങണമെന്നാണ് നിശ്ചയം. 'കാനത്തിൻെറ സമ്മതം' കിട്ടാൻ രാജാവിന് ഒരു ചെറിയ കാണിക്ക സംഖ്യയും വയ്ക്കണം. കല്യാണ കത്തുകൾ അച്ചടിക്കുന്ന കാലം വന്നപ്പോൾ ക്ഷണക്കത്തിൽ ആദ്യം വിലാസം കുറിയ്ക്കേണ്ടത് 'ആദിരാജ..... തങ്ങൾക്ക് ' എന്നായിരിക്കണം. രണ്ടാമത്തേത് കുട്ടി മാപ്പിളകത്തെ കാരണവർക്ക്. പിന്നെ മറ്റ് തറവാട്ടു കാരണവന്മാർക്ക്, അറയ്ക്കൽ രാജാവും കുടുംബാംഗങ്ങളും പ്രജകൾ നിന്ന് എന്നും അകലം സൂക്ഷിച്ചുപോന്നു. അറയ്ക്കലെ സ്ത്രീകളെ പ്രജകളാരും കല്യാണം കഴിക്കില്ല. തലശ്ശേരിയിലെ 'കേയി'മാരോ കൊയിലാണ്ടിയിലെ പ്രമാണിമാരോ മാത്രമേ ഇവരെ വിവാഹം കഴിക്കുകയുള്ളൂ. ഭാര്യവീട്ടിൽ സ്ഥിരതാമസമാക്കുന്ന കേയിമാരെ 'ഇളയാവ' എന്നോ 'ഇളയ' എന്നോ ആണ് വിളിച്ചുവന്നത്.
അറക്കൽ പരിധിയിലെ മുഴുവൻ പള്ളികളുടെയും മുതമല്ലി (കാരണവർ)യും ഖാസി (നീതിപതി) യും രാജാവ് തന്നെയായിരുന്നു. ഭരണസൗകര്യത്തിനുവേണ്ടി ഈ അധികാരാവകാശങ്ങൾ വിനിയോഗിക്കുവാൻ പ്രതിനിധികളെ നിശ്ചയിച്ചു. പള്ളികളുടെ പരിപാലനം മുഴുവൻ അറയ്ക്കൽ കുടുംബം തന്നെ നേരിട്ട് നിർവഹിക്കണമെന്നാണ് വ്യവസ്ഥ. അറയ്ക്കൽ രാജാവും കുടുംബവും അവരുടെ കെട്ടിനകത്തുള്ള പള്ളികളിൽ പ്രാർത്ഥിക്കും. വെള്ളിയാഴ്ച സിറ്റിജ്ജുമായത് പള്ളിയിൽ ജുമാനടക്കുമ്പോൾ തൊട്ടടുത്തുള്ള 'മൗലിന്റെ' മഖാമിൽ എഴുന്നള്ളി രാജാവ് നമസ്കരിക്കുന്നുണ്ടാവും .
പഴയ ഭൂപ്രഭുക്കന്മാരെയും രാജാക്കന്മാറെയും പോലെ അറയ്ക്കൽ രാജാവും ഒരുപാട് ഭൂമിയും വസ്തുവകകളും വെട്ടിപ്പിടിച്ചിരുന്നു. പണ്ടാരം വക എന്ന പ്രയോഗത്തിന് പണ്ട് ആരുടെയോ വക എന്നാണ് വ്യാഖ്യാനമെന്ന് അറയ്ക്കലെ പ്രജകൾ പറയാറുണ്ടായിരുന്നു.
ഒരിക്കൽ ദ്വീപിലെ ആമീൻ അറയ്ക്കലിനെതിരായി ലഹള നടത്തി.ലഹളയിൽ പരാജിതനായ അമീറിന് അറയ്ക്കൽ രാജാവ് നൽകിയ ശിക്ഷ കണ്ണ് കുത്തിപൊട്ടിയ്ക്കലായിരുന്നു. അമീർ മംഗലാപുരത്ത് ചെന്ന് ടിപ്പുവിനോട് സങ്കടമുണർത്തിച്ചു. ക്രുദ്ധനായ ടിപ്പു പടയുമായി കണ്ണൂരിലെത്തി. ഭയചകിതനായ അറയ്ക്കൽ രാജാവും മദ്ധ്യസ്ഥന്മാരും ഉപായങ്ങളെല്ലാമുപയോഗിച്ച് ടിപ്പുവിനെ മയപ്പെടുത്തി. ക്രമത്തിൽ മിത്രഭാവം ശക്തിപ്പെട്ടു. ടിപ്പു അറയ്ക്കൽ കുടുംബത്തിൽനിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അപ്പോഴാണ് സേനാധിപനിൽനിന്ന് നാലാം മൈസൂർ യുദ്ധത്തിന്റെ വിവരം ലഭിച്ചത്, ടിപ്പു തിരികെ പോയി.
അറയ്ക്കൽകാർക്ക് നല്ലോരു സിവിൽ ഭരണമുണ്ടായിരുന്നു . സിവിൽഭരണത്തിന്റെ ചുമതല 'കാര്യക്കാർ' നിർവഹിച്ചുപോന്നു. സിവിൽ ഭരണരംഗത്തെ സമുന്നതപദവിയായിരുന്നു 'കാര്യക്കാർ' എന്നത്. (കാര്യക്കാറകത്ത് എന്നൊരു തറവാട് ഇന്നുമുണ്ട്) ഓരോ വിഭാഗത്തിന്റെയും മേൽനോട്ടം നിർവഹിക്കാൻ പ്രത്യേകം പ്രത്യേകം ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തി. പള്ളികളുടെ ചുമതലയ്ക്കു 'പള്ളിമൂപ്പൻ' മാരെ ചുമതലപ്പെടുത്തി. നെയ്ത്തുകാരെ ശ്രദ്ധിക്കുന്ന മൂപ്പനെ 'തറിമൂപ്പൻ' , മത്സ്യത്തൊഴിലാളികളുടെ കാര്യവിചാരം നടത്തി വേണ്ടതുചെയ്യാൻ 'മരക്കാർ' മൂപ്പനെയും നിയോഗിച്ചു. (മത്സ്യത്തൊഴിലാളികളുടെ പ്രദേശമായ 'മരക്കാർക്കണ്ടി' ഇന്നും ആ പേര് അന്വർത്ഥമാക്കുന്നു) രാജ്യരക്ഷ 'കുരിക്കളുടെ' ചുമതലയിലായിരുന്നു.'കുരിക്കളകത്തുകാർ പഴയ കാലത്തിൻറെ സ്മരണ ഇന്നും നിലനിർത്തിപ്പോരുന്നു.
കണ്ണൂർ നഗരത്തിലെ ഏറ്റവും ഉയർന്ന കസാനക്കോട്ട എന്ന സ്ഥലത്താണ് അറക്കൽ രാജാവിൻറെ ട്രഷറി സ്ഥിതിചെയ്യുന്നത്. അവിടെ അളവറ്റ നിധി മറഞ്ഞുകിടപ്പുണ്ടെന്നും അറക്കൽ കുടുംബം ദാരിദ്ര്യത്തിൽ ആകുന്ന കാലത്ത് ആ നിധി അവർ കണ്ടെത്തുമെന്നുമാണ് ഐതിഹ്യം. ഒരു കോട്ടയുടെ അവശിഷ്ടം ഇന്നും അവിടെ കാണാം. അവിടെ ഒരു പള്ളിയുമുണ്ട്. കോട്ടയിലെ പള്ളി എന്ന പേരിൽ അതിനു താഴെയുള്ള ഭാഗം 'കോട്ടയ്ക്കുതാഴെ' എന്നും അറിയപ്പെടുന്നു.
അറയ്ക്കൽകൊട്ട് എന്നത് ഒരു പ്രത്യേക ബാൻഡ് വാദ്യമാണ്. നോമ്പുകാലത്തിൻെറ അന്തരീക്ഷത്തിൽ ഈ വാദ്യമേളം ആകാശത്തിൽ മുഖരിതം ആയിരിക്കും. നോമ്പുമാസം ആരംഭിക്കുന്നതുതന്നെ 'അറക്കൽ കൊട്ട്' കേട്ടുകൊണ്ടാണ്. നോമ്പുകാലത്ത് രാത്രിയിൽ അറയ്ക്കലെ വാദ്യ ക്കാർ തറവാട്ടിൽ ചെന്ന് വാദ്യാലാപനം നടത്തി ചില്ലറ നേടും. പാതിരാ നേരത്ത് ഇവർ ഒരു പ്രത്യേക താളത്തിൽ 'ഒറ്റക്കൊട്ട്' കൊട്ടും.
'അത്താഴ കൊട്ട്' എന്ന ഈ കൊട്ട് അത്താഴത്തിനുള്ള അറിയിപ്പ് കൊട്ടായിരുന്നു. പെരുന്നാൾ മാസപ്പിറവി അറിയിക്കുന്ന ദീപം അറയ്ക്കൽ കൊട്ടാരത്തിൻെറ ആലയപ്പടിക്ക് മുന്നിൽ തെളിഞ്ഞാൽ 'അറക്കൽ കൊട്ട്‌' നിലച്ചു. പിന്നെ അറയ്ക്കൽ വാദ്യക്കാർക്ക് അടുത്ത റംസാൻ വരെ വിശ്രമം ആയി. അറയ്ക്കൽ കുടുംബത്തിൽ വിവാഹം നടക്കുകയാണെങ്കിൽ അക്കാലം അവിടെ വിശേഷവാദ്യം മുഴങ്ങും.
എല്ലാ ചന്ദ്രമാസവും പതിനൊന്നാം രാവിന് അറയ്ക്കൽക്കാർ 'പള്ളിക്കചോറ്' എന്ന ഒരുതരം ചോറുണ്ടാക്കി പ്രജകളിൽ പ്രമുഖർക്കും പിന്നെ പാവങ്ങൾക്കും കൊടുത്തിരുന്നു. വെള്ളം വറ്റിച്ചു ഉണ്ടാക്കുന്ന വിശിഷ്ടമായ ഈ ചോറ് ഒരു പിടി കിട്ടുകയെന്നത് അന്ന് വലിയ ബഹുമതിയായും ഈശ്വരാനുഗ്രഹമായും കരുതപ്പെട്ടിരുന്നു. കൂടാതെ റബീഉൽ അവ്വൽ 1 മുതൽ 12-ആം തീയതി നബിദിനം വരെ സമൂഹത്തിലെ പ്രമാണിമാർക്ക് 'അറയ്ക്കൽ പത്തിൽ' (പത്തിരി) എന്ന ഒരു ചെറിയ തരം വിശിഷ്ടമായ പത്തിരിയും മൗലൂദും നാൾ അതോടൊപ്പം പൊരിച്ച ഇറച്ചിയും ദാനം ചെയ്യാറുണ്ടായിരുന്നു.
അക്കാലത്ത് വലിയ സദ്യ നടത്താനുള്ള കയ്യും കരുത്തും അറക്കൽ കെട്ടിന് മാത്രമായിരുന്നു. അറയ്ക്കലെ സദ്യയ്ക്ക് ധനിക-ദരിദ്ര ഭേദമന്യേ ജനങ്ങൾ പങ്കെടുക്കാറുണ്ട്.
പെരുന്നാൾ മാസപ്പിറവി ആദ്യം കാണുന്ന മുസ്ലിമായി പ്രജയ്ക്ക് അറക്കൽ വക ഒരു പ്രത്യേക മുണ്ടും കുപ്പായവും സമ്മാനിക്കുന്ന പതിവുമുണ്ടായിരുന്നു.

No comments:

Post a Comment